വൈറ്റില ഫ്ളൈ ഓവറിന്‍റെ രൂപകല്‍പ്പന പ്രയോജനകരമല്ല, തിരക്ക് കൂടുന്നതോടെ പ്രശ്നം സങ്കീര്‍ണമാകുമെന്ന്' ഇ ശ്രീധരന്‍

കൊച്ചിയില്‍ ഏറ്റവുമധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന വൈറ്റിലയിലെ ഫ്‌ളൈ ഓവര്‍ നിലവിലെ രൂപകല്‍പ്പനയില്‍ നിര്‍മിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഹബ്ബിന്റെ വികസനം കൂടി വരുന്നതോടെ തിരക്ക് കൂടുകയും പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുകയും ചെയ്യുമെന്നും അതിന് കൂടി പരിഹാരമാകുന്ന വിധത്തിലായിരിക്കണം ഫ്ളൈ ഓവര്‍ രൂപകല്‍പ്പന ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“വൈറ്റില ജങ്ക്ഷനില്‍ 12 ദിശകളിലേക്കാണ് വാഹനമോടുന്നത്. ഇപ്പോള്‍ നിലവിലുള്ള രൂപകല്‍പ്പന പ്രകാരം രണ്ട് ദിശയിലേക്ക് മാത്രമാണ് ഫ്‌ളൈ ഓവര്‍ വരുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശീയ പാതയെയും സഹോദരന്‍ അയ്യപ്പന്‍ റോഡിനെയും ബന്ധപ്പെടുത്തിയുള്ള സമഗ്ര പദ്ധതി ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പിബ്ല്യുഡി സെക്രട്ടറി ടി.ഒ.സൂരജിന് സമര്‍പ്പിച്ചിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിന് സ്വീകാര്യത ലഭിച്ചില്ല – ഇ ശ്രീധരന്‍ പറഞ്ഞു. തൃപ്പുണിത്തുറ, കടവന്ത്ര, തമ്മനം തുടങ്ങിയ ഭാഗങ്ങളില് നിന്ന് വരുന്ന വാഹനങ്ങള്‍ കൂടി പരിഗണിക്കാത്തതാണ് പോരായ്മ. വൈറ്റില ജങ്ഷനില്‍ നിന്നും 2 കിലോ മീറ്റര്‍ പരിധിയിലുള്ള ആശുപത്രി, സ്കൂള്‍ തുടങ്ങിയവയും പരിഗണിക്കേണ്ടതാണ്”.

Read more

ഫ്‌ളൈ ഓവറിന്റെ രൂപകല്‍പ്പനയിലെ പോരായ്മകളെ കുറിച്ച് ഇ ശ്രീധരന്‍ നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വൈറ്റില വികസന സമിതി ജോയിന്റ് കണ്‍വീനര്‍ ഷമീര്‍ അബ്ദുള്ളയ്ക്ക് നല്‍കിയ കത്തിലാണ് വൈറ്റില ഫ്ളൈഓവറിന്റെ രൂപകല്‍പ്പന പ്രയോജനപ്രദമല്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരിക്കുന്നത്.