വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒക്ടോബര്‍ 25- ന് പുറപ്പെടുവിച്ച കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
വാളയാര്‍ കേസ് ഗുരുതരവും വൈകാരികവുമായ സംഭവമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അടിയന്തര നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് നേരെ അച്ചടക്കനടപടിയെടുക്കുന്ന കാര്യത്തിലും വിധിയുടെ പകര്‍പ്പ് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും ബെഹ്‌റ അറിയിച്ചു.
പാലക്കാട് മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ട വിഷയം സുപ്രീം കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിനോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണത്തിനോ ആണ് സാദ്ധ്യതയെന്നും അതില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മാവോവാദികള്‍ക്ക് നേരെ നടന്നതെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിവരം മാധ്യമങ്ങളെ അറിയിക്കാമെന്നും ഡിജിപി പറഞ്ഞു.