വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി. വാളയാറിൽ മരിച്ച സഹോദരികളുടെ അമ്മ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. അമ്മയുടെ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനമെടുത്തത്. എംജെ സോജന് കൺഫേ‍ർഡ് ഐപിഎസ് കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയത്.

നിലവിൽ എസ്‌പിയാണ് എംജെ സോജൻ. വാളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ പാലക്കാട് ജില്ല കോടതി എംജെ സോജനെതിരെ പോക്സോ കേസെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരായ ഹർജിയിൽ ഹൈക്കോടതി എംജെ സോജന് അനുകൂലമായിട്ടാണ് ഉത്തരവിട്ടത്.

Read more

വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളെ പറ്റി 24 ന്യൂസ് ചാനൽ വഴി മോശം പരാമർശം നടത്തിയെന്ന കേസിനെതിരെയാണ് എംജെ സോജൻ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് റദ്ദാക്കിയ കോടതി ചാനലിൻ്റെ റിപ്പോർട്ടർക്കെതിരെ ആവശ്യമെങ്കിൽ അന്വേഷണം നടത്താമെന്നും ഉത്തരവിട്ടിരുന്നു. ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് ന്യൂസ് ചാനലിനെതിരെ കോടതി നിലപാടെടുത്തത്.