വാളയാർ പീഡനക്കേസിൽ പ്രതികളെ വിട്ടയച്ച വിചാരണക്കോടതിയുടെ വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള അപ്പീലുകളിൽ ഹൈക്കോടതി ഇന്നു വിധി പറയും.
പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും ഭാഗത്തു നിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.
വാളയാറിൽ 13 വയസ്സുകാരിയെ 2017 ജനുവരി 13- നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്.
രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ്, അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി ബാക്കി 4 കേസുകളിലാണു വാദം പൂർത്തിയാക്കിയത്. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.