വഖഫ് നിയമന വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച ഇന്ന്

വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയും സമസ്ത നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചര്‍ച്ചയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പങ്കെടുക്കും.

നിയമനം പി.എസ്.സിക്ക് വിട്ട നടപടി സര്‍ക്കാര്‍ റദ്ദാക്കണം എന്നതാണ് സമസ്തയുടെ പ്രധാന ആവശ്യം. പകരം റിക്രൂട്ട്‌മെന്റ് ബോര്‍ഡാകാം എന്ന് നിര്‍ദ്ദേശം സമസ്ത മുന്നോട്ട് വെയ്ക്കും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെ തുടര്‍ന്ന് നേരത്തെ പള്ളികളില്‍ ബോധവത്ക്കരണം നടത്താന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയും പള്ളികളിലൂടെയുള്ള പ്രതിഷേധ പരിപാടികളില്‍ നിന്ന് സമസ്ത പിന്മാറുകയും ചെയ്തു.

പള്ളികളിലെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നും നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ എതിര്‍പ്പ് തുടരുകയാണെന്നും സമസ്ത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവാദത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകളെയൊന്നും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകും എന്നും സമസ്ത അറിയിച്ചിരുന്നു.

Read more

മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് വഖഫ് സംരക്ഷണ റാലി നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും. കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളിലായി പ്രതിഷേധ റാലികളും സംഘടിപ്പിക്കുന്നുണ്ട്. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തെ ചെറുക്കുമെന്നും പ്രതിഷേധ റാലികള്‍ ഒരു തുടക്കം മാത്രമാണെന്നും സിറ്റി മുസ്ലിം കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.