വഖഫ് നിയമന വിവാദം; പി.എസ്‌.സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത നേതാക്കള്‍. നടപടി റദ്ദാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും സമസ്ത നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വെച്ച് സമസ്ത നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നേതാക്കളുടെ പ്രതികരണം. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചയാവാമെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. തുടര്‍നടപടികള്‍ സമസ്ത നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും നേതാക്കള്‍ അറിയിച്ചു.

ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിരുന്നില്ല. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട് നടപടിക്ക് എതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ചര്‍ച്ച സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മറ്റു മുസ്ലിം സംഘടനകളുമായിക്കൂടി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുക.

Read more

വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ബില്‍ നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരവും ലഭിച്ച് കഴിഞ്ഞപ്പോള്‍ നവംബര്‍ 14ന് നിയമവകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെ തുടര്‍നടപടികള്‍ നിര്‍ത്തി വെച്ചു. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെങ്കില്‍ കരട് ചട്ടങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഭരണവകുപ്പ് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടണം. അതിന് ശേഷം കരട് ചട്ടങ്ങള്‍ നിയമവകുപ്പ് ഉള്‍പ്പെടെ പരിശോധന നടത്തണം. ശേഷം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത് പി.എസ്.സിക്ക് അയക്കണം. ഈ നടപടികളാണ് തല്‍ക്കാലം നിര്‍ത്തിയത്. ചട്ടങ്ങള്‍ രൂപീകരിച്ച് വിജ്ഞാപനമിറക്കുന്നതുവരെ പി.എസ്.സിക്ക് നിയമനം നടത്താന്‍ കഴിയില്ല.