വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം; റോഡ് ഷോ കളറക്കാനൊരുങ്ങി മുന്നണികള്‍

ലോകസഭാ മണ്ഡലമായ വയനാട്ടിലും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. നാലാഴ്ച്ച നീണ്ട ആവേശ പ്രചരണ അങ്കത്തിന്റെ കലാശക്കൊട്ട് ഇന്ന് നടക്കും. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം 13-ാം തീയതിയാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. കല്‍പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് വോട്ടെടുപ്പ് 20നും മൂന്നിടങ്ങളിലെയും ഫലപ്രഖ്യാപനം 23 നും നടക്കും.

വയനാട്ടില്‍‌ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ രാവിലെ 10ന് ബത്തേരിയിലും ഉച്ചയോടെ തിരുവമ്പാടിയിലും നടക്കും. എൻഡിഎ. സ്ഥാനാർഥി നവ്യ ഹരിദാസ് ബത്തേരി ചുങ്കത്തും എൽഡിഎഫ്. സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലും കലാശക്കൊട്ടില്‍ പങ്കെടുക്കും. ചേലക്കരയില്‍, ബസ് സ്റ്റാൻഡിൽ മൂന്ന് മുന്നണികളുടേയും തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾ എത്തും. ബസ് സ്റ്റാൻഡിന്‍റെ മൂന്നു ഭാഗത്തായാണ് മൂന്ന് കൂട്ടർക്കും സ്ഥലം അനുവദിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പ്രചാരണം ശക്തമാക്കുകയാണ് വയനാട്ടിലും ചേലക്കരയിലും മുന്നണികള്‍. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഞായറാഴ്ച തിരുവില്വാമലയില്‍ പര്യടനം നടത്തി. വള്ളത്തോള്‍നഗറിലും പാഞ്ഞാളിലും പ്രദേശങ്ങളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന്റെ പ്രചരണം. എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പഴയന്നൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടത്തിയത്.

മുഖമന്ത്രി പിണറായി വിജയനാണ് അവസാന ദിവസങ്ങളില്‍ ചേലക്കരയില്‍ എല്‍ഡിഎഫ് പ്രചാരണം നയിച്ചത്. മന്ത്രിമാരായ പി രാജീവ്, മുഹമ്മദ് റിയാസ്, കെ രാജന്‍, വി അബ്ദുറഹ്‌മാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വീണാ ജോര്‍ജ്, ആര്‍ ബിന്ദു, സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, മുന്‍ മന്ത്രി തോമസ് ഐസക്ക്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങി മൂന്ന് മുന്നണിയിലെയും നേതാക്കള്‍ മണ്ഡലത്തില്‍ സജീവമായി.