വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുത്ത് ബത്തേരി പൊലീസ്. ഇന്ന് രാവിലെ കണ്ണൂർ തോട്ടടയിലുള്ള സുധാകരന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. വിജയൻ നൽകിയ കത്തിൽ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് അറിയുന്നതിനായാണ് അന്വേഷണ സംഘം സുധാകരന്റെ മൊഴി രേഖപ്പെടുത്തിയത്.
ആത്മഹത്യാക്കുറിപ്പിൽ എൻഎം വിജയൻ പറഞ്ഞ കാര്യങ്ങൾ കത്ത് മുഖേന കെ സുധാകരന് നൽകിയിരുന്നു. കത്തിൽ ആരുടെയൊക്കെ പേരാണ് എൻഎം വിജയൻ പറഞ്ഞിരിക്കുന്നതെന്ന് അറിയാനാണ് പൊലീസിന്റെ ശ്രമം. കത്ത് കൈമാറിയിട്ടും സുധാകരന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ലെന്ന് വിജയന്റെ കുടുംബം മുൻപ് ആരോപിച്ചിരുന്നു. പിന്നീട് തനിക്ക് കത്തുലഭിച്ച കാര്യം കെ സുധാകരൻ തന്നെ സമ്മതിച്ചു.
Read more
കഴിഞ്ഞ ഡിസംബർ 27ന് ആണ് എൻ.എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത്. തുടർന്ന് ജനുവരി ആറിനാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പും കെപിസിസി പ്രസിഡന്റിന് എഴുത്തിയ കത്തുകളും വിജയന്റെ കുടുംബം പുറത്തുവിട്ടത്. മരണത്തിന് ഉത്തരവാദികൾ കത്തിൽ സൂചിപ്പിച്ചിട്ടുള്ളവരാണെന്നാണ് വിജയന്റെ കത്തിലുള്ളതെന്നാണ് വിവരം.