വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകം; രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണമെന്ന് ബിജെപി

വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് സുധാകരന്‍ പറയുന്നത് പോലെ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമല്ല. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ചോദ്യം ചെയ്യണം. എന്‍എം വിജയന്‍ അയച്ച കത്ത് ഇരു നേതാക്കളും നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്തത് മനസാക്ഷിയില്ലാത്ത നടപടിയാണ്.

ഗവര്‍ണര്‍ ആണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ടയാളെന്ന് പിണറായി വിജയന്‍ മറക്കരുത്. കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ ഗവര്‍ണര്‍മാര്‍ക്ക് എതിരെ പല നീക്കങ്ങളും നടക്കുന്നു. ഇത് ഭരണഘടനാവിരുദ്ധമാണ്. സര്‍വകലാശാലയുടെ അധികാരം ഗവര്‍ണര്‍ക്ക് ആണെന്ന് കോടതി തന്നെ പറഞ്ഞതാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ഒരു പ്രശ്‌നം കുത്തിപ്പൊക്കിയത് അല്ല. ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ സംസ്ഥാന സര്‍ക്കാരാണ് നീക്കം നടത്തിയത്. ആരിഫ് മുഹമ്മദ് ഖാന്‍ പോയത് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല.

പിവി അന്‍വറെ കോണ്‍ഗ്രസിലേക്ക് അയച്ചത് പിണറായി വിജയന്‍ തന്നെയാണ്. പിടികിട്ടാപ്പുള്ളികള്‍ പലരും മുങ്ങി നടക്കുന്നുണ്ട്. ക്രിമിനലുകള്‍ ആരെയും തൊടുന്നില്ല. അന്‍വറെ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് എന്തിന് വേണ്ടിയാണ്. അന്‍വറിന് വീര പരിവേഷം നല്‍കാനാണ് ഈ സംഭവത്തിലൂടെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.