വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങളുടെയും ഡിഎന്‍എ പരിശോധനാഫലങ്ങള്‍ കിട്ടിത്തുടങ്ങിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇവ തിങ്കളാഴ്ചമുതല്‍ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഇവ മനുഷ്യന്റേതാണോയെന്ന് റിപ്പോര്‍ട്ട് കിട്ടിയാലേ അറിയാനാകൂവെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ തിങ്കളാഴ്ച പ്രത്യേക ക്യാമ്പ് നടത്തും. മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനാണ് തിങ്കളാഴ്ച ക്യാമ്പ് നടത്തുന്നത്.
മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യുപി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ക്യാമ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.
ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.