വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തഭൂമിയിലേക്ക് മായയും മര്‍ഫിയും

വയനാട്ടിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് പൊലീസ് നായ്ക്കളായ മായയെയും മര്‍ഫിയെയും എത്തിക്കും. മണ്ണിനടിയില്‍ നിന്നും മനുഷ്യശരീരം കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്‍ഫിയും. ഇവയെ ഉച്ചയോടെ വയനാട്ടില്‍ എത്തിക്കും.

നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 30 അടിയില്‍ നിന്നുവരെ മനുഷ്യശരീരങ്ങള്‍ കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവ. മുമ്പ് പെട്ടിമുടി ദുരന്തത്തില്‍ നിന്ന് 8 മൃതദേഹങ്ങള്‍ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഇവ ബല്‍ജിയന്‍ മലിന്വ ഇനത്തില്‍പ്പെട്ടതാണ്.

ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരില്‍ നിന്നാണ് എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള – കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി ടി മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും.

Read more