വയനാട് ദുരിതബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. വയനാട് നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാർ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും നടത്തുക. മാര്‍ച്ചിന് ഇതുവരെയും ഡല്‍ഹി പൊലീസ് അനുവാദം നല്‍കിയിട്ടില്ല. അനുവാദം ലഭിച്ചില്ലെങ്കിലും ഗൗരവകരമായ വിഷയമായതിനാല്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വ്യക്തമാക്കി.
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഒപ്പം വയനാട്ടില്‍ നിന്നുള്ള മറ്റ് യുഡിഎഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമാകും.
Read more
കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വയനാട് എംപിയായി പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞ. വയനാട് നിന്നുള്ള യുഡിഎഫിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും. വയനാട്ടില്‍ നിന്നുള്ള വിജയപത്രം നേതാക്കള്‍ ഇന്നലെ പ്രിയങ്കയ്ക്ക് കൈമാറിയിരുന്നു. ഈ മാസം 30ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എത്തും.