691 കുടുംബങ്ങള്‍ക്ക് 15000 രൂപ; 40 വ്യാപാരികള്‍ക്ക് അര ലക്ഷം; ദുരിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.എ.ഇയില്‍ ജോലി; എല്ലാം ആപ്പിലൂടെ പുറത്തുവിടും; വയനാടിന്റെ കൈപിടിച്ച് ലീഗ്

വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിംലീഗിന്റെ അടിയന്തര സഹായങ്ങള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. 691 കുടുംബങ്ങള്‍ക്ക് പതിനയ്യായിരം രൂപ അടിയന്തര സഹായം വിതരണം ചെയ്യും. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട 40 വ്യാപാരികള്‍ക്ക് അര ലക്ഷം രൂപ വീതം നല്‍കും.

ടാക്സി ജീപ്പ് നഷ്ടപ്പെട്ട 4 പേര്‍ക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നു പേര്‍ക്ക് ഓട്ടോറിക്ഷകളും വാങ്ങി നല്‍കും. വിദ്യാഭ്യാസ സഹായങ്ങളും ആവശ്യമെങ്കില്‍ ചികിത്സക്ക് സഹായങ്ങളും നല്‍കും. മേല്‍ കാര്യങ്ങള്‍ക്ക് ഒന്നര കോടി രൂപ അനുവദിക്കും. നാളെ മുതല്‍ സഹായങ്ങള്‍ നല്‍കും. ചെലവഴിക്കുന്ന തുകയും ആപ്പില്‍ പ്രദര്‍ശിപ്പിക്കും. മുസ്ലിംലീഗ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ച് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും ഫര്‍ണ്ണീച്ചറുകളും ഗൃഹോപകരണങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളില്‍ കഴിയുന്നവരുമായ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ സഹായങ്ങള്‍ ഇതിനകം കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്തു.

ദുരിത ബാധിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.എ.ഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കും. യു.എ.ഇ കെ.എം.സി.സിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്. 55 അപേക്ഷകളില്‍നിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ്യതക്കനുസരിച്ച് ഇവര്‍ക്ക് അനുയോജ്യമായ കമ്പനികളില്‍ ജോലി നല്‍കും.

ദുരിതബാധിത മേഖലയിലുള്ളവരെ നിയമപരമായ കാര്യങ്ങള്‍ക്ക് സഹായിക്കുന്നതിനായി ലീഗല്‍ സെല്‍ രൂപീകരിച്ചു. ലോയേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിയമസഹായം നല്‍കുന്നത്. വീടുകള്‍ നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് 8 സെന്റില്‍ കുറയാത്ത സ്ഥലവും 1000 സ്‌ക്വയര്‍ ഫീറ്റ് വീടും നിര്‍മ്മിച്ച് നല്‍കും. ഇതിനായി ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥല സംബന്ധമായ കാര്യങ്ങള്‍ക്ക് സര്‍ക്കാറുമായി ചര്‍ച്ച നടത്തും.

Read more

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ ഉപസമിതിക്ക് നേരത്തെ രൂപം നല്‍കിയിട്ടുണ്ട്. പി.കെ ബഷീര്‍ എം.എല്‍.എയാണ് കണ്‍വീനര്‍. സി.മമ്മുട്ടി, പി.കെ ഫിറോസ്, പി. ഇസ്മായില്‍, ടി.പി.എം ജിഷാന്‍ എന്നിവരാണ് അംഗങ്ങള്‍. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.