ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കേരള മോഡല്‍ പുനരധിവാസമാകും ഒരുക്കുകയെന്ന് പിണറായി സര്‍ക്കാര്‍. എല്ലാ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ് ആണ് ഒരുക്കുകയെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.
കാണാതായവരെ കണ്ടെത്താന്‍ ശ്രമം തുടരും. ക്യാമ്പുകളിലും ആശുപത്രികളിലുമുള്ളവര്‍ക്ക് മൊബൈല്‍ ഫോണും സിമ്മും ലഭിക്കുന്നതോടെ, കാണാതായവരില്‍ ചിലരുടെയെങ്കിലും വിളി ഫോണിലേക്ക് വരും എന്നാണ് പ്രതീക്ഷ. പഴയ നമ്പര്‍തന്നെ നല്‍കാനാണ് ശ്രമം. സ്വകാര്യ നെറ്റുവര്‍ക്കുകളുടെ അധികൃതരുമായുള്‍പ്പെടെ സര്‍ക്കാര്‍ ചര്‍ച്ച നടത്തി. വിവിധ കമ്പനികള്‍ വയനാട്ടിലെത്തിയിട്ടുണ്ട്. അവര്‍ സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മിംസ് ആശുപത്രിയിലുള്ളവര്‍ക്ക് ഫോണും സിമ്മും നല്‍കി. വയനാട്ടിലെ ക്യാമ്പിലുള്ളവര്‍ക്ക് വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെ ഇന്നും ഫോണും സിമ്മും നല്‍കും.
എസ്റ്റേറ്റുകളിലെ മസ്റ്ററോള്‍ പരിശോധിച്ചാല്‍ തൊഴിലാളികളുടെ കൃത്യമായ വിവരം കിട്ടും. അതല്ലാത്തവര്‍ ഉണ്ടോ എന്നതും നോക്കുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നവരുടെ എണ്ണം പരിശോധിക്കുന്നു. അതിഥിത്തൊഴിലാളികളുടെ എണ്ണം ഏജന്റുമാരില്‍നിന്ന് ശേഖരിക്കുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നുണ്ട്. ഇതിനകം 2391 പേരെ കൗണ്‍സലിങ്ങിന് വിധേയരാക്കിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആറ് മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണസംഖ്യ 346 ആയി. ആറില്‍ അഞ്ചെണ്ണം വയനാടിന്റെ ഭാഗത്തുനിന്നും ഒന്ന് നിലമ്പൂരില്‍നിന്നുമാണ് ലഭിച്ചത്. 226 മൃതദേഹം കണ്ടെത്തിയതായാണ് ഔദ്യോഗിക കണക്ക്. 181 മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. 176 മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിലായി 582 പേര്‍ ചികിത്സയിലുണ്ട്.