ഷഹല ഷെറിന്റെ മരണം; സര്‍വ്വജന സ്‌കൂള്‍ ഇന്ന് ഭാഗികമായി തുറക്കും, വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നു

വയനാട്ടില്‍ പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്റെ മരണത്തെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ട ബത്തേരി സര്‍വ്വജന സ്‌കൂള്‍ ഇന്ന് ഭാഗികമായി തുറക്കും. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്ലാസുകളാണ് ഇന്നു തുടങ്ങുക. കുട്ടികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ രാത്രി വൈകി പിടിഎ യോഗം ചേര്‍ന്നിരുന്നു. ആരോപണവിധേയരായ മുഴുവന്‍ അധ്യാപകരെയും മാറ്റി നിര്‍ത്തി കൊണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ ആണ് പിടിഎ യോഗം തീരുമാനിച്ചത്.

എല്‍പി യുപി ക്ലാസ്സുകള്‍ അടുത്ത ആഴ്ച ആരംഭിക്കും. അന്വേഷണ സംഘം ഇന്നലെ സ്‌കൂളിലെത്തി അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുത്തിരുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും സംഭവത്തില്‍ കേസെടുത്തിരിക്കുന്ന നാലുപേരെയും അറസ്റ്റ് ചെയ്യണമോയെന്ന് തീരുമാനിക്കുക. ഇന്നും അന്വേഷണസംഘം ആശുപത്രിയില്‍ എത്തി പരിശോധന നടത്തും. അതേസമയം വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ജഡ്ജ് ചെയര്‍മാനായ വയനാട് ലീഗല്‍ സര്‍വീസ് അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് സമര്‍പ്പിക്കും.

Read more

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നേരത്തെ ജില്ലാ ജഡ്ജ് എ ഹാരിസും സംഘവും സ്‌കൂളും പരിസരവും സന്ദര്‍ശിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഷഹല ഷെറിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജ് എ ഹാരിസും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ പി സുനിതയുമടങ്ങുന്ന സംഘം സ്‌കൂള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.