Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

പ്രളയക്കെടുതിയില്‍ കേരളം; പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വയനാട് ചുരത്തില്‍ വിള്ളല്‍, ഇടുക്കിയില്‍ മുഴുവന്‍ ഷട്ടറുകളും തുറന്നു

, 3:29 pm

അതിശക്തമായ മഴയില്‍ താമരശ്ശേരി ചുരത്തില്‍ വിള്ളല്‍ . ചുരത്തിലെ നാലാം വളവിലാണ് വിള്ളല്‍. കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മുതല്‍ ജില്ല ഒറ്റപ്പെട്ട നിലയിലായിരുന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ ഭാഗികമായി താമരശ്ശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിലും ഗതാഗതം പുനസ്ഥാപിച്ചിരുന്നു.  രാവിലെ മുതല്‍ കെ എസ് ആര്‍ ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുവെങ്കിലും ഉച്ചയോടെയാണ് ചുരത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതിനിടയില്‍ മലപ്പുറം, ഇടുക്കി,വയനാട്, കോഴിക്കോട് ജില്ലകളിലായി 6500 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവരെയാണ് മാറ്റിപാര്‍പ്പിക്കുന്നത്. അതേ സമയം, കനത്ത മഴയെ തുടര്‍ന്നും,  ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്നും പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വയനാട് വെള്ളാരം കുന്നില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. മണ്ണിടിഞ്ഞതിന് സമീപം കച്ചവടം നടത്തുന്ന മേപ്പാടി സ്വദേശി ഷൗക്കത്തിനെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട മറ്റൊരാളെ ഡിടിപിസി ജീവനക്കാര്‍ രക്ഷിച്ചു.

ജലനിരപ്പ് താഴുന്നില്ല; ചെറുതോണി ഡാമിലെ നാലാമത്തെ ഷട്ടറും തുറന്നു, മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്താന്‍ സാധ്യത

ഇന്നലെ വൈത്തിരിയില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് കച്ചവടം നടത്തിയിരുന്ന ഒരാളെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.  സമീപത്തെ കെട്ടിടം പൂര്‍ണമായും തകര്‍ന്നിരുന്നു. കെട്ടിടത്തിന് സമീപം ആക്രികച്ചവടം നടത്തിയിരുന്ന ആളെയാണ് കാണാതായതെന്നാണ് വിവരം. ഇയാള്‍ക്കായ് പ്രദേശവാസികള്‍ തെരച്ചില്‍ തുടരുകയാണ്.

മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും ജില്ലയില്‍ ദുരിതം വിട്ടുമാറിയിട്ടില്ല. ബാണാസുര ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളം കയറി പനമരത്തെ  നൂറിലധികം വീടുകള്‍ ദുരിതത്തിലായി. പ്രദേശത്ത് ശക്തമായ ഒഴുക്കാണ് നിലനില്‍ക്കുന്നത്. വളര്‍ത്തുമൃഗങ്ങളും വെള്ളത്തിലാണ്.

ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത്: ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പുകള്‍ ഇങ്ങനെ

ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. ജനങ്ങളോട് അതീവ സുരക്ഷ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്. വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ ആളുകള്‍ മാറി താമസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലം തെന്മല ഡാമും തൃശൂര്‍ ജില്ലയിലെ ചിമ്മിന് ഡാമും തുറന്നിട്ടുണ്ട്. തെന്മല ഡാമില്‍ 105 സെന്റിമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ ആണ് ഉയര്‍ത്തിയത്. കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൊച്ചുപമ്പ, ആലത്തോട് ഡാമുകള്‍ തുറന്നതോടെ പമ്പയിലും വെള്ളം നിറഞ്ഞു. ചിമ്മിനി ഡാമിന് സമീപമുള്ള മണലി കരിവെള്ളൂര്‍ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പമ്പ ത്രിവേണിയില കടകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി.

അതേസമയം, കമ്പമലയില്‍ ഉരുള്‍പ്പൊട്ടിയതായി സംശയം ലഭിച്ചതിനെ തുടര്‍ന്ന് റവന്യു ഉദ്യേഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് കാലവര്‍ക്കെടുതിയില്‍ പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനം ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്.

 

Advertisement