റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ള്യുസിസി. കോടതി വിധി ലംഘിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ ന്യൂസ് ചാനൽ പുറത്തുവിട്ടെന്നാണ് സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ള്യുസിസിയുടെ പരാതി. റിപ്പോർട്ടർ ടിവി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ് റിപ്പോർട്ടർ ടിവി ലംഘിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഇപ്പോൾ നടക്കുന്നത് നിരുത്തരവാദ പരമായ മാധ്യമ വിചാരണയാണെന്നും വാർത്താ ആക്രമണം തടയണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡബ്ള്യുസിസി ആവശ്യപ്പെടുന്നു. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ എന്ന അവകാശപ്പെട്ടാണ് റിപ്പോർട്ടർ ടിവി വാർത്ത നൽകിയത്. കമ്മറ്റിക്ക് മുൻപിൽ ഒരു പ്രമുഖ നടി പ്രമുഖ നടനെതിരെ നൽകിയ മൊഴിയുടെ പകർപ്പ് എന്ന പറഞ്ഞുകൊണ്ട് ഞെട്ടിക്കുന്ന വാർത്ത എന്ന ടാഗിൽ റിപ്പോർട്ടർ ടിവി ഇന്ന് ‘ബിഗ് ബ്രേക്കിംഗ് നടത്തിയത്’. ഡബ്ള്യുസിസിയുടെ പരാതിക്ക് പിന്നാലെ വാർത്ത റിപ്പോർട്ടർ ടിവി പിൻവലിച്ചിട്ടുണ്ട്.