'ഞങ്ങള്‍ക്ക് സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണിയുണ്ട്'; കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കില്‍ മൂന്ന് വട്ടം ആലോചിക്കണമെന്ന് വി ഡി സതീശന്‍

കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയില്‍ ആക്ഷേപം ഉയര്‍ത്തുമ്പോഴും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നൊരു സമരപദ്ധതി മുന്നിലില്ലെന്ന് പറഞ്ഞു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട്, വിഴിഞ്ഞം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്നകാര്യം മൂന്നുവട്ടം ആലോചിക്കേണ്ടി വരുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎമ്മിന്റെ കൂടെ സമരം ചെയ്യണമെങ്കില്‍ ഒന്ന് ആലോചിക്കേണ്ടിവരുമെന്നും ഒന്നല്ല മൂന്ന് തവണ ആലോചിക്കേണ്ടി വരുമെന്നുമാണ് വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞത്. ഞങ്ങള്‍ക്ക് സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണിയുണ്ടെന്ന് കൂടി കോണ്‍ഗ്രസ് നേതാവ് ഓര്‍മ്മിപ്പിച്ചു.

വയനാട്ടിലെ കേന്ദ്ര അവഗണനയ്ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതിന് മുമ്പ് ഞങ്ങള്‍ അത് പറഞ്ഞിട്ടുണ്ട്. കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎമ്മിന്റെ കൂടെ സമരം ചെയ്യണമെങ്കില്‍ ഒന്ന് ആലോചിക്കേണ്ടിവരും. മൂന്ന് തവണ ആലോചിക്കേണ്ടി വരും. ഞങ്ങള്‍ക്ക് സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണിയുണ്ട്’

കേന്ദ്രസര്‍ക്കാരിന്റെ വയനാട്- വിഴിഞ്ഞം അവഗണനയ്‌ക്കൊപ്പം തന്നെ സംസ്ഥാനത്തെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും സമരത്തിനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. ചോദ്യപേപ്പര്‍ ചോര്‍ത്തുന്നത് ഭരണകക്ഷി അധ്യാപക സംഘടനയിലെ ആളുകളാണെന്നാണ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചോദ്യപേപ്പര്‍ ചോര്‍ത്തുന്നത് ഭരണകക്ഷി അധ്യാപക സംഘടനയിലെ ആളുകളാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും അതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും വി ഡി സതീശന്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി പറഞ്ഞു. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ തട്ടിയെടുക്കുന്നതായി പുറത്ത് വന്നിട്ട് അവരുടെ പേര് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന കാര്യവും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു. പേര് പറഞ്ഞാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകളുടെ വലിയ നിര തന്നെയുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.