വന്‍ കുതിപ്പുമായി റിപ്പോര്‍ട്ടര്‍; ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഏഷ്യാനെറ്റ് ന്യൂസ്; മുന്നേറ്റം നിലനിര്‍ത്തി കൈരളി; താഴേക്ക് വീണ് ജനം ടിവി; ടിആര്‍പി റിപ്പോര്‍ട്ട് പുറത്ത്

മലയാളം ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ (ടിആര്‍പി) കുതിച്ച് റിപ്പോര്‍ട്ടര്‍ ടിവി. 30 ആഴ്ച്ചയിലെ റേറ്റിങ്ങ് പുറത്തു വന്നപ്പോഴാണ് അടുത്തിടെ പുതിയ സാങ്കേതിക വിദ്യയോടെ സംപ്രേക്ഷണം ആരംഭിച്ച് റിപ്പോര്‍ട്ടര്‍ ടിവി മുന്നേറ്റം ഉണ്ടാക്കിയത്. ടിആര്‍പി റേറ്റിങ്ങ് ചാര്‍ട്ടില്‍ പോലും ഇടം പിടിക്കാതിരുന്ന റിപ്പോര്‍ട്ടര്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച് ഒരു മാസം തികയും മുമ്പ് 18.36 പോയിന്റാണ് നേടിയിരിക്കുന്നത്. നിലവില്‍ റിപ്പോര്‍ട്ടര്‍ ടിവി ഏഴാം സ്ഥാനത്താണ് ഉള്ളത്.

ടിആര്‍പി റേറ്റിങ്ങ് ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക തകര്‍ക്കാന ആര്‍ക്കും സാധിച്ചിട്ടില്ല. ടിആര്‍പിയില്‍ 115 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. ടിആര്‍പിയില്‍ 102 പോയിന്റാണ് ചാനലിന് ലഭിച്ചിരിക്കുന്നത്. 69 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത് മനോരമ ന്യൂസാണ്. മാതൃഭൂമി ന്യൂസിന് ഇത്തവണയും ടിആര്‍പി റേറ്റിങ്ങില്‍ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാന്‍ സാധിച്ചിട്ടില്ല. 54 പോയിന്റുമായ ചാനല്‍ മാതൃഭൂമി അഞ്ചാം സ്ഥാനത്താണുള്ളത്.

കഴിഞ്ഞ മൂന്നാഴ്ചയായി കൈരളി ന്യൂസ് ടിആര്‍പിയില്‍ നടത്തുന്ന മുന്നേറ്റം ഇക്കുറിയും നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയെക്കാണ് രണ്ട് പോയിന്റ് ഉയര്‍ത്താന്‍ ചാനലിന് ആയിട്ടുണ്ട്. 22 പോയിന്റുമായി ആറാം സ്ഥാനത്താണ് കൈരളി ടിവിയുള്ളത്. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ചാനലാണ് ജനം ടിവി ടിആര്‍പിയില്‍ ഇത്തവണ കുത്തനെ വീണു. 29 ആഴ്ചയില്‍ 21 പോയിന്റാണ് ജനം ടിവിക്ക് ഉണ്ടായിരുന്നത്. എന്നാല്‍, 30 ആഴ്ച്ച എത്തിയപ്പോള്‍ ചാനലിന് ടിആര്‍പിയില്‍ 19 പോയിന്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചിരിക്കുന്നത്.

ജനം ടിവിയുടെ തൊട്ടടുത്ത് റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടിവി എത്തിയിട്ടുണ്ട്. ആറാം സ്ഥാനത്തുള്ള ജനം ടിവിയില്‍ നിന്നും വെറും .64 പോയിന്റിന്റെ പിന്നില്‍ മാത്രമാണ് റിപ്പോര്‍ട്ടര്‍ ടിവി. ജനത്തിന് 19 പോയിന്റുകളും റിപ്പോര്‍ട്ടര്‍ ടിവിക്ക് 18.36 പോയിന്റുമാണ് നിലവില്‍ ഉള്ളത്. അടുത്ത റേറ്റിങ്ങ് ചാര്‍ട്ട് വരുമ്പോള്‍ ജനം വീണ്ടും പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ട്. ഏട്ടാം സ്ഥാനത്ത് 15 പോയിന്റുമായി ന്യൂസ് 18 കേരളയാണുള്ളത്. 29 ആഴ്ചയില്‍ ചാനലിന് 17 പോയിന്റുകളാണ് ലഭിച്ചിരുന്നത്. ഇതില്‍ നിന്നും രണ്ടു പോയിന്റ്ിന്റെ ഇടിവാണ് ചാനലിന് ഉണ്ടായിരിക്കുന്നത്. ന്യൂസ് ചാനലുകളില്‍ ഏറ്റവും പിന്നിലുള്ളത് രാജ് ന്യൂസ് മലയാളമാണ്. 0.45 പോയിന്റുകള്‍ നേടി ടിആര്‍പി റേറ്റിങ്ങില്‍ ഒന്‍പതാംസ്ഥാനത്താണ് രാജ് ന്യൂസ് ഇടം പിടിച്ചിരിക്കുന്നത്.