ക്ഷേമ പെന്‍ഷന്‍ വിവാദം; അനര്‍ഹര്‍ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്ന് മുഖ്യമന്ത്രി

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

തട്ടിപ്പിലൂടെ പണം കൈപ്പറ്റാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.

കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി മരണപ്പെട്ടവരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ ഇരുന്ന് മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്നും പിണറായി പറഞ്ഞു.