ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും നല്‍കും; ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ നല്‍കുന്നതില്‍ നടപടി സ്വീകരിക്കും; ഉറപ്പുമായി മുഖ്യമന്ത്രി പിണറായി

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ് ഡിഎ അനുവദിക്കുന്നതിലുള്ള തടസ്സമെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുസംശയവുംവേണ്ട എല്ലാ ജീവനക്കാര്‍ക്കും അര്‍ഹതപ്പെട്ട ഡിഎ നല്‍കും.

ഇത് ജീവനക്കാരുടെ കാര്യത്തില്‍ മാത്രമല്ല പെന്‍ഷന്‍കാരുടെ കാര്യത്തിലും സ്വീകരിക്കും.അതോടൊപ്പം ക്ഷേമപെന്‍ഷന്‍ എല്ലാമാസവും കൊടുക്കുക എന്നതാണ് നിലപാട്. കുറച്ച് കുടിശ്ശിക വന്നിട്ടുണ്ട്. ആ കുടിശ്ശിക മുഴുവന്‍ തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്തുതീര്‍ക്കും.

ഭരണത്തില്‍ ഏറ്റവും പ്രധാനം ഭരണനിര്‍വഹണമാണ്. അതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുക ഉദ്യോഗസ്ഥര്‍ക്കാണ്. ആ ചുമതല കൃത്യമായി നിര്‍വഹിക്കാനാവണം. സിവില്‍ സര്‍വീസ് രംഗത്തുള്ള അപചയങ്ങളെ ഗൗരവമായി കണ്ട് ഇടപെടാന്‍ എന്‍ജിഒ യൂണിയന് കഴിയണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ അഴിമതി പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴഞ്ഞിട്ടില്ല. ഇത് അവസാനിപ്പിക്കാന്‍ ഓണ്‍ലെന്‍ സംവിധാനം ആരംഭിച്ചിട്ടും ചില ഉദ്യോഗസ്ഥര്‍ വ്യക്തതക്കുറവുണ്ടെന്ന് പറയുന്നതിലെ ഉദ്ദേശ്യം എല്ലാവര്‍ക്കുമറിയാം. ഈ പുഴുക്കുത്തുകള്‍ നമ്മുടെ മൊത്തം സിവില്‍ സര്‍വീസിനെ അപചയപ്പെടുത്തുകയാണ്.

Read more

സ്വാഭാവികമായും ചില അപേക്ഷകളില്‍ ഒരുപാട് തിരുത്തലുകള്‍ വരുത്തേണ്ടിവരും. ചില കുറവുകളുണ്ടാവും. ആദ്യത്തേത് തിരുത്തിവരാന്‍ പറയും, പിന്നീട് രണ്ടാമത്തേത് പറയും. പിന്നീട് മൂന്നാമത്തേത്. ഇങ്ങനെ എത്രയോ തവണ നടക്കേണ്ടിവരുന്ന ഹതഭാഗ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ ആ കാണിക്കുന്ന ഉദ്യോഗസ്ഥരെയല്ല കുറ്റപ്പെടുത്തുക. അപ്പോള്‍ ഇതെന്തുഭരണമെന്നാണ് പറയുക. ഭരണനിര്‍വഹണത്തില്‍ നമ്മള്‍ പൂര്‍ണമായി വിജയിക്കേണ്ടതുണ്ട്. അതില്‍ ഒരുപൊളിച്ചെഴുത്ത് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.