കേരളത്തില്‍ നടക്കുന്നത് കൊള്ള മുതല്‍ പങ്കുവെക്കുന്നതിലുള്ള തര്‍ക്കം; വിഡി സതീശന്റേത് ഉണ്ടയില്ലാ വെടി; സിപിഐ നിലപാടും നട്ടെല്ലും ഇല്ലാത്ത പാര്‍ട്ടിയെന്ന് കെ. സുരേന്ദ്രന്‍

കൊള്ള മുതല്‍ പങ്കുവെക്കുന്നതിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . നേരത്തെ കണ്ണൂര്‍ ജില്ലയില്‍ സ്വര്‍ണ്ണ കള്ളക്കടത്തും മാഫിയ കൊട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഇതു നാം കണ്ടതാണ്. ഇപ്പോള്‍ മലപ്പുറം ജില്ലയിലും കാണുന്നത് സിപിഎമ്മിലെ ഈ കൊള്ള മുതല്‍ പങ്കുവെക്കല്‍ തര്‍ക്കമാണ്. പോലീസിലെ മാഫിയയാണ് അതിന് അവരെ സഹായിച്ചു കൊണ്ടിരിക്കുന്നതെന്നും ആറന്മുളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വര്‍ണ്ണ കള്ളക്കടത്തും, പാര്‍ട്ടിക്കുള്ളിലെ അതിന്റെ ഏജന്റുമാരും, സ്വര്‍ണ്ണം അടിച്ചുമാറ്റുന്ന പോലീസുകാരും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങള്‍ സഹായിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനില്‍ക്കുന്നു. തുടങ്ങിയ കാര്യങ്ങളൊക്കെ സ്ഥിരീകരിച്ചത് അതീവ ഗൗരവതരമാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയെ ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് ഇതേ സംഘങ്ങള്‍ തന്നെയാണെന്ന് പുറത്തുവന്നിരിക്കുന്നു. സ്വര്‍ണ്ണ കള്ളക്കടത്തുകാരോടും മാഫിയ സംഘങ്ങളോടുമുള്ള സര്‍ക്കാറിന്റെ ബന്ധമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വിമാനത്താവളത്തിനു പുറമേ നിന്ന് പിടിക്കുന്ന സ്വര്‍ണത്തില്‍ പോലീസിന് ഇത്ര പൊട്ടിക്കുന്നവര്‍ക്ക് ഇത്ര എന്നിങ്ങനെയുള്ള പങ്കുവെക്കല്‍ ആണ് ഇപ്പോള്‍ തര്‍ക്കത്തില്‍ കലാശിച്ചിരിക്കുന്നത്.

സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് കഴിഞ്ഞതിനുശേഷം എംവി ഗോവിന്ദന്‍ അന്‍വര്‍ ആരാണെന്ന് ചോദ്യത്തിലേക്ക് വന്നിരിക്കുകയാണ്. നേരത്തെ എംവി ഗോവിന്ദനെ കണ്ട ശേഷമാണ് പിവി അന്‍വര്‍ വര്‍ദ്ധിത വീര്യത്തിലേക്ക് തിരിച്ചുവന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് പാര്‍ട്ടി നേരത്തെ പറഞ്ഞിരുന്ന എല്ലാം പരിശോധിക്കും, അന്വേഷിക്കും എന്ന നിലപാടുകള്‍ എല്ലാം കള്ളമായിരുന്നു എന്നതാണ്. സിപിഎമ്മിന് ഒരു ആത്മാര്‍ത്ഥതയും ഈ കാര്യത്തില്‍ ഇല്ല എന്ന് വ്യക്തമായിരിക്കുകയാണ്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉള്‍പാര്‍ട്ടി പ്രശ്‌നമായി പരിഹരിക്കാന്‍ പറ്റുന്ന വിഷയമല്ല. എല്ലാ ആരോപണങ്ങളുടെയും കുന്തമുന പതിക്കുന്നത് മുഖ്യമന്ത്രിയിലാണ്. അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിഡി സതീശന്റേത് ഉണ്ടയില്ലാ വെടിയാണ്. 2023 മെയിലാണ് ആര്‍എസ്എസ് സര്‍കാര്യവാഹും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ച തൃശ്ശൂരില്‍ നടന്നത്. 2023 മെയ് മാസത്തില്‍ ദത്താത്രയ ഹോസബാളയും എംആര്‍ അജിത് കുമാറും ചേര്‍ന്ന് 2024 ഏപ്രില്‍ മാസത്തില്‍ നടന്ന പൂരം അലങ്കോലപ്പെടുത്തി എന്നു പറയുന്നത് എന്ത് മണ്ടത്തരം ആണ്. ഇങ്ങനെയൊക്കെ പറയാന്‍ വിഡി സതീശന് എന്ത് ലോജിക്കാണ് ഇതിലുള്ളത്. പൂരം കൊണ്ടാണ് മുരളീധരന്‍ പരാജയപ്പെട്ടതെന്നാണ് സതീശന്‍ പറയുന്നത്. ദയനീയമായി മൂന്നാം സ്ഥാനത്തായ സ്ഥാനാര്‍ത്ഥിയാണ് മുരളീധരന്‍. വിഡി സതീശന്‍ ആളുകളെ വിഡ്ഢികളാക്കി യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുകയാണ്. സിപിഐയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് സിപിഎമ്മും സര്‍ക്കാറുമാണ്.

സിപിഐയുടെ ആരോപണത്തിന് എന്തെങ്കിലും ഒരു കടലാസിന്റെ വിലയെങ്കിലും പിണറായി വിജയന്‍ കല്‍പ്പിച്ചിട്ടുണ്ടോ. ബിനോയ് വിശ്വം സെക്രട്ടറി ആയതിനുശേഷം ഒരു നിലപാടും നട്ടെല്ലും ഇല്ലാത്ത പാര്‍ട്ടിയായി സിപിഐ മാറി. അധികാരത്തിന്റെ പങ്കുവെക്കലില്‍ മത്സരിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. സിപിമ്മില്‍ ആവട്ടെ അതിലുള്ള മാഫിയ സംഘങ്ങള്‍ കമ്പാര്‍ട്ട്‌മെന്റ് കമ്പാര്‍ട്ട്‌മെന്റുകളായി തമ്മിലടിക്കുകയാണ്. സിപിഎമ്മില്‍ ആര്‍ക്കും ഇനി അന്തസോടെ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. നാലു ദിവസമായി തുടരുന്ന ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവില്‍ പുതുതായി ചേര്‍ന്നവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരാണ്.

കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ അല്ല ബിജെപി പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വരാനാണ് ബിജെപി ശ്രമിക്കുന്നത്. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ ബിജെപി തയ്യാറാകുമെന്ന അതിമോഹം ഉണ്ടെങ്കില്‍ ചെന്നിത്തലയും സതീശനും അത് വാങ്ങി വെക്കുന്നതാണ് നല്ലത്. സിപിഎമ്മിനെ പോലെ തന്നെ കള്ളന്മാരാണ് കോണ്‍ഗ്രസുകാര്‍. അധികാരത്തില്‍ ഇരുന്നപ്പോള്‍ ഇതിലും വലിയ കൊള്ളരുതായ്മകള്‍ കോണ്‍ഗ്രസുകാര്‍ ചെയ്തിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി