'മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതിയില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ എന്ത്ചെയ്യും?; ഈ നാട്ടില്‍ എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല'; രാജീവ് ചന്ദ്രശേഖര്‍

മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ തന്നെ അഴിമതിയില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ മറ്റുള്ളവര്‍ വേറെന്ത് ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസ് എടുക്കാനുള്ള ശിപാര്‍ശയില്‍ പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ഈ നാട്ടില്‍ എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എക്‌സാലോജിക് വിഷയത്തില്‍ പോലും അന്വേഷണം നടക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതൊരു രാഷ്ട്രീയ സംസ്‌കാരമായി മാറി. രണ്ട് ദിവസം മുമ്പ് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ ഡി കേസില്‍ വന്നു. സ്വര്‍ണ്ണക്കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ അഴിമതി പഠിച്ച് സിപിഐഎം കോണ്‍ഗ്രസിനേക്കാളും മുന്നോട്ട് പോകുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വ്യാജ മൊഴി കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയതുമായി ബന്ധപ്പെട്ടാണ് എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ഡിജിപി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സംഭവത്തിൽ സിവിലായും ക്രിമിനലായും സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ.

ഗുരുതരമായ ക്രിമിനൽ കുറ്റത്തിൽ തെറ്റായ മൊഴി നൽകിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നൽകിയെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി. സ്വർണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് ആയിരുന്നു അജിത്കുമാർ നൽകിയ മൊഴി. ഇക്കാര്യം എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാർ ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു. തുടർന്ന് സംഭവത്തിൽ പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിക്കുകയും തുടർന്നാണ് അജിത് കുമാറിനെതിരെ നടപടിയെടുക്കാമെന്ന് അറിയിക്കുകയും ചെയ്തത്.