ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങള്‍ തെളിവായി സമര്‍പ്പിച്ച് ഇഡി. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കര്‍ വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ ഇടപാടിന്റെ പ്രധാന തെളിവായാണ് ഇ ഡി ഈ സംഭാഷണം കോടതിയില്‍ ഹാജരാക്കിയത്.2019 ജൂലൈ 31 ന് ഇരുവരും തമ്മില്‍ നടത്തിയ സന്ദേശങ്ങളാണ് പുറത്തായത്. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശമാണ് ശിവശങ്കര്‍ സന്ദേശത്തില്‍ നല്‍കുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച്ച ഉണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നും ചാറ്റില്‍ ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാമെന്നും സരിതും ഖാലിദും നോക്കിക്കോളുമെന്നുമാണ് സ്വപ്ന നല്‍കുന്ന മറുപടി. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യങ്ങള്‍ ഇ ഡി ചൂണ്ടിക്കാട്ടുന്നത്.
കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകളാണ് ഇതെന്നാണ് ഇ ഡിയുടെ അഭിപ്രായം. കേസില്‍ ഈ ചാറ്റുകള്‍ ഏറെ നിര്‍ണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുന്നുവെന്നും ഇ ഡി കോടതിയില്‍ പറഞ്ഞു.