ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്‍ ജെ.ആര്‍.പി നേതാവ് സി. കെ. ജാനുവിന് നിയമസഭ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് 40 ലക്ഷം രൂപ കൈമാറി എന്ന് ആരോപിച്ച് ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു ബി. സി. തിരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നു. ബി.ജെ.പി ദേശീയ നേതാവ് അമിത് ഷാ ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴും സി.കെ ജാനുവിന് പണം നൽകിയതായും ബാബു ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സുരേന്ദ്രൻ സി.കെ ജാനുവിന് വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് ഏഴിന് 10 ലക്ഷം കൈമാറിയെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നതെന്നും ബാബു പറഞ്ഞു.
എൻ.ഡി.എയിൽ ചേർന്നപ്പോൾ ജാനു പണം വാങ്ങിയെന്ന് അന്നുതന്നെ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്ക് അറിയാമായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് 10 ലക്ഷം രൂപ സുരേന്ദ്രൻ ജാനുവിന് കൈമാറിയതെന്നാണ് പറയുന്നത്. ആ ദിവസം ഞാൻ അവർക്ക് ഒപ്പമുണ്ടായിരുന്നില്ല. ബത്തേരിയിൽ താൻ റൂമിലുണ്ടായിരുന്നുവെന്നും ബാബു പറഞ്ഞു.
സി.കെ. ജാനുവിനെ എൻ.ഡി.എയിലേക്ക് എത്തിക്കാൻ പത്ത് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോട് കെ സുരേന്ദ്രനുമായി ഫോണിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്നാൽ സി.കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ ഇന്ന് പറഞ്ഞു. ഓഡിയോ റെക്കോഡ് ചെയ്ത് അതിൽ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും ആവശ്യമായ ഭാഗങ്ങൾ ചേര്‍ക്കാനും ഇന്നത്തെക്കാലത്ത് ഒരു ബുദ്ധിമുട്ടില്ല എന്ന് ഓര്‍ക്കണമെന്ന് കെ സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും താൻ പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ ആവർത്തിച്ചു. ബി.ജെ.പിയെ ആക്ഷേപിച്ചോളു എന്നാൽ സി.കെ ജാനുവിനെ ആക്ഷേപിക്കരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.