ഈ മാസം 22 ന് ശശി തരൂര്‍ മുസ്‌ളീം അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെയും, പി കെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിക്കാന്‍ കൊടപ്പനക്കല്‍ തറവാട്ടിലത്തുമ്പോള്‍ ചങ്കടിക്കുക കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ. തരൂരിന്റെ മലബാര്‍ സന്ദര്‍ശനം കോണ്‍ഗ്രസിലും യു ഡി എഫിലും സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രത്യാഘാതങ്ങളായിരിക്കുമെന്നാണ് സൂചന.
കേരളത്തിലെ ഇപ്പോഴെത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതികളോടും നിലപാടുകളോടും കടുത്ത എതിര്‍പ്പാണ് മുസ്‌ളീം ലീഗിനുള്ളത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവന വന്നതോടെ ലീഗ് അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായിരുന്നു. തങ്ങളുടെ അണികളുടെ അടുത്ത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ന്യായീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് ലീഗ് നേതൃത്വം എത്തിചേര്‍ന്നത്. കടുത്ത ഭാഷയില്‍ തന്നെ ഈ വികാരം കോണ്‍ഗ്രസ് നേതൃത്വത്തെ അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടും ഈ വിഷയം അതീവ ഗൗരവമായി തന്നെ ലീഗ് നേതൃത്വം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും നയിക്കാന്‍ കഴിവുള്ള ഒരു നേതൃത്വമായാണ് ശശി തരൂരിനെ ലീഗ് വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ കോണ്‍ഗ്രസിനും യു ഡി എഫിനും അദ്ദേഹം നേതൃത്വം കൊടുത്താല്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് തന്നെയാണ് ലീഗ് വിലയിരുത്തുന്നത്. പുതിയ നേതൃത്വും കാഴ്ചപ്പാടും ഇല്ലാതെ കേരളത്തിലെ യു ഡി എഫിന് മുന്നോട്ട് പോകാന്‍ കഴിയില്ലന്ന് തന്നെയാണ് ലീഗ് വിശ്വസിക്കുന്നത്. സി പി എമ്മുമായി അടുക്കണമെന്ന് ലീഗീലെ ഒരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും അണികള്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. അത് കൊണ്ട് തല്‍ക്കാലത്തേക്കെങ്കിലും ലീഗീന് യു ഡി എഫ് വിടുന്ന കാര്യം ആലോചിക്കാനേ കഴിയില്ല.
കാന്തപുരം അബൂബക്കര്‍ മുസ്‌ളിയാരെയും ശശി തരൂര്‍ ഇതിനിടയില്‍ സന്ദര്‍ശിക്കുന്നുണ്ട്. ഒരു പക്ഷെ ലീഗിനെക്കാള്‍ കൂടുതല്‍ മലബാറിലെ മുസ്‌ളീം വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ആത്മീയ നേതാവാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ളിയാര്‍. പലപ്പോഴും പ്രകടമായ സി പി എം പക്ഷപാതിത്വം പ്രകടിപ്പിക്കുന്ന കാന്തപുരത്തെ തരൂര്‍ കാണുന്നതിലും വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. പൊതുവെ മുസ്‌ളീം ലീഗിനെയും സമസ്തയെയും പേടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കാന്തപുരത്തെ കാണാതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറുളളത്. എന്നാല്‍ ആ ചരിത്രവും തരൂര്‍ മാറ്റിയെഴുതുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ച എം കെ രാഘവന്‍ എം പിയാണ് തരൂരിന്റെ മലബാറിലെ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
അതോടൊപ്പം ഇത്തവണത്തെ മന്നം ജയന്തി ആഘോങ്ങളിലെ മുഖ്യാതിഥിയായി ശശി തരൂരിനെ എന്‍ എസ് എസ് നേതൃത്വം പങ്കെടുപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നുണ്ട്. തരൂര്‍ കേരള രാഷ്ട്രീയത്തില്‍ കാലെടുത്തവച്ച് സമയത്ത് ചില കടുത്ത എതിര്‍പ്പുകള്‍ എന്‍ എന്‍ എസ് നേതൃത്വം അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ തരൂരിനെ കൂടുതല്‍ ഉള്‍ക്കൊള്ളാനാണ് അവരും ശ്രമിക്കുന്നത്.