കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സ്ത്രീ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. എന്നാല്‍ കേരളം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു സംസ്ഥാനമായി മാറിയിരിക്കുകയാണ്. മാടപ്പള്ളിയില്‍ നടന്നത് ആസൂത്രിതമായ അതിക്രമമാണെന്ന് മുരളീധരന്‍ പറഞ്ഞു. മാടപ്പള്ളി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പൊലീസുകാര്‍ സ്വന്തം പേരുള്ള ബാഡ്ജ് അടക്കം ഒഴിവാക്കിയിട്ടാണ് അക്രമത്തിന് വന്നത്. വളരെ ആസൂത്രിതമായ അതിക്രമമാണ് നടന്നത്. സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തുകയാണ്.
പ്രകോപനത്തിന്റെ പേരില്‍ ഉണ്ടായതോ, ചെറുത്ത് നില്‍പായിട്ടോ പൊലീസിന്റെ നടപടി കാണാനാവില്ല. നെയിം ബാഡ്ജ് ഒഴിവാക്കി ഹെല്‍മറ്റ് വച്ച് ആളാരാണെന്ന് തിരിച്ചറിയാനാകാത്ത വിധമാണ് പൊലീസുകാര്‍ എത്തിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വനിത മതില്‍ പണിയാന്‍ പോയവും, വനിത നവേത്ഥാനത്തിന് വേണ്ടി നിലകൊള്ളുന്നവരും എവിടെയെന്നും മുരളീധരന്‍ ചോദിച്ചു.
Read more
ജനങ്ങളെ ഭയപ്പെടുത്തി പദ്ധതി നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് ജനങ്ങള്‍ അനുവദിക്കില്ല. ബി.ജെ.പി ജനങ്ങളോട് ഒപ്പം ഉണ്ടാകുമെന്നു മുരളീധരന്‍ പറഞ്ഞു.