ചിത കത്തുമ്പോൾ: 'ദിവ്യ പറഞ്ഞതും മറ്റുള്ളവര്‍ പറയുന്നതും'; നവീൻ ബാബു ശരിയെന്ന് പാർട്ടിയും ജനങ്ങളും ഉദ്യോഗസ്ഥരും

റവന്യു വകുപ്പ് തയാറാക്കിയ അഴിമതിരഹിത ഉദ്യോഗസ്‌ഥരുടെ രഹസ്യപട്ടികയിലെ ആദ്യസ്ഥാനക്കാരിൽ ഒരാളായിരുന്നു ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം കെ. നവീൻ ബാബു. വില്ലേജ് ഓഫിസർ മുതൽ ഡപ്യൂട്ടി കലക്‌ടർമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് 2 വർഷം മുൻപ് മുൻകാല സേവനങ്ങളും പരാതികളും കേസുകളും മറ്റും പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയത്. നിയമപരമായും സർവീസ് സംബന്ധമായും ഉള്ള അറിവ്, പ്രവർത്തനമികവ് എന്നിവയും വിലയിരുത്തിയാണ് ഇങ്ങനെ പട്ടിക തയാറാക്കിയത്. ഈ മാനദണ്ഡങ്ങളിലും നവീന് മികച്ച സ്കോറാണ്. നവീൻ ബാബുവിനെ കാസർകോട്ട് നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ജില്ലയായ കണ്ണൂരിലേക്കു സ്‌ഥലംമാറ്റിയതും കൂടിയാലോചനകൾക്കു പുറമേ ഈ പട്ടികയുടെ കൂടി അടിസ്‌ഥാനത്തിലായിരുന്നു.

സർവീസിൽ നിന്നും വിരമിക്കാൻ വെറും7 വർഷങ്ങൾ ബാക്കി നിൽക്കെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യയും പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങളുമാണ് എഡിഎമ്മിന്റെ ജീവനെടുത്തത്.

യാതൊരുവിധ തെളിവുകളുമില്ലാതെയാണ് പൊതുമധ്യത്തിൽ വെച്ച് യാത്രയയപ്പ് ചടങ്ങിൽ വിളിക്കാതെ എത്തിയ പി.പി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. കളക്ടർ അരുൺ കെ വിജയൻറെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ ആക്ഷേപം. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ എഡിഎം വഴിവിട്ടനീക്കങ്ങൾ നടത്തിയെന്നായിരുന്നു പിപി ദിവ്യയുടെ ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്നും ദിവ്യ പറഞ്ഞു. എന്നാൽ പി പി ദിവ്യ ഉന്നയിച്ച തൊട്ടടുത്ത ദിവസമാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സഭാവത്തിന് പിന്നാലെ നവീൻ ബാബു പെട്രോൾ പമ്പിന് നൽകിയ എൻഒസിയുടെ പകർപ്പ് പുറത്ത് വന്നിരുന്നു. പെട്രോൾ പമ്പിന് അനുമതി നിഷേധിച്ചത് പൊലീസ് ആണെന്നും അതിനാലാണ് റിപ്പോർട്ട് പുറത്ത് വിടുന്നതിൽ കാലതാമസമുണ്ടായതെന്നും എൻഒസി റിപ്പോർട്ടിൽ പറയുന്നു. പെട്രോൾ പമ്പ് പണിയാൻ തീരുമാനിച്ച സ്ഥലം വളവിലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാൽ എഡിഎമ്മിനെതിരായ പരാതിയിലും പി പി ദിവ്യ ഉന്നയിച്ച ആരോപണത്തിലും പറയുന്നത് കൈക്കൂലി നൽകാത്തതിനാലാണ് എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു അമാന്തം കാണിച്ചതെന്നായിരുന്നു.

അതിനിടെ കൈക്കൂലി നൽകിയെന്ന ആരോപണവുമായി ദിവ്യ പറഞ്ഞ പരാതിക്കാരനായ പ്രശാന്ത് രംഗത്തെത്തി. 98,500 രൂപ കൈക്കൂലിയായി നൽകിയെന്നായിരുന്നു ആരോപണം. പെട്രോൾ പമ്പിൻ്റെ അനുമതിക്ക് വേണ്ടി നവീൻ ബാബുവിന് അപേക്ഷ നൽകിയെങ്കിലും ആറ് മാസത്തോളം ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു എന്നുമായിരുന്നു പ്രശാന്തിന്റെ ആരോപണം. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും പ്രശാന്ത് പറഞ്ഞിരുന്നു. എന്നാൽ നവീൻ ബാബു കൈക്കൂലി കൈപ്പറ്റിയെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കിയിട്ടുണ്ട്. നവീൻ ബാബുവിനെതിരെ പ്രശാന്ത് നൽകിയെന്ന് പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിജിലൻസിന് ലഭിച്ചിട്ടില്ല. ഇതോടെ, പരാതി നൽകിയിരുന്നെന്ന വാദം കെട്ടിച്ചമച്ചതാണെന്ന സൂചനയും ശക്തമാണ്.

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് വ്യക്തമാക്കി വന്യൂ മന്ത്രി കെ രാജൻ രംഗത്തെത്തിയിരുന്നു. അയാൾക്കെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും നവീൻ ബാബുവിന്റെ മരണത്തിൽ ഗൗരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് പത്തനംതിട്ട മുൻ കളക്ടർ പി ബി നൂഹ് ഐഎഎസ് രംഗത്തെത്തിയിരുന്നു. നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നുവെന്ന് പി ബി നൂഹ് ഫേസ്ബുക്കിൽ കുറിച്ചു. ഔദ്യോഗിക ജീവിതത്തില്‍ പ്രധാനപ്പെട്ട മൂന്ന് പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോള്‍ കൂടെയുണ്ടായി കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് നവീന്‍ ബാബുവെന്നും എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രമേ അദ്ദേഹം ഇടപെട്ടിരുന്നുള്ളുവെന്നും കളക്ടർ പറഞ്ഞു. വികാര നിർഭരമായ പ്രതികരണമാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ്. അയ്യർ നടത്തിയത്. ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീനെന്നും ദിവ്യ എസ് അയ്യർ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചു.

നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്ക്കണമെന്നും അവർക്കെതിരെ കേസ് എടുക്കണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു ഉയർന്ന് വന്നത്. അതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണകുറ്റമാണ് ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

അതേസമയം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം എഡിഎമ്മിന്റെ കുടുംബത്തിൻറെ വികാരത്തിനൊപ്പം നിൽക്കുമ്പോൾ കണ്ണൂർ നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. യാത്രയയപ്പു യോഗത്തിൽ അഴിമതി വിഷയം ഉന്നയിച്ചത് അനുചിതമായെന്ന് അഭിപ്രായപ്പെടുമ്പോഴും ദിവ്യയുടേത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനം മാത്രമായിരുന്നുവെന്നുവെന്നാണ് കണ്ണൂർ നേതൃത്വത്തിന്റെ നിലപാട്. എഡിഎം അഴിമതി നടത്തിയെന്ന് പരോക്ഷമായി സമ്മതിക്കുന്നതിന് തുല്യമാണിതെന്നും വിമർശനമുണ്ട്. പാർട്ടി പത്രത്തിൽ നവീൻ ബാബുവിൻ്റെ മരണവാർത്തയിലും ആരോപണമുന ബാക്കിവയ്ക്കുന്നുണ്ട്.

നേതാക്കളുടെ ബന്ധുവായ സംരംഭകന് പെട്രോൾ പമ്പിനുള്ള എൻഓസിക്കായി പാർട്ടിയുടെ സർവീസ് സംഘടനയിൽ അംഗമായ ഉദ്യോഗസ്ഥനെ സമ്മർദത്തിലാക്കിയും പരസ്യമായി അപമാനിച്ചും കൊലയ്ക്കു കൊടുത്തുവെന്ന ആരോപണമാണ് സിപിഎം നേരിടുന്നത്. വിഷയത്തിൽ ദിവ്യയോടൊപ്പം നിന്നാൽ സർവീസ് സംഘടനകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന ആശങ്ക കണ്ണൂർ നേതൃത്വത്തിനുണ്ട്. നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകളിലും പാർട്ടി പ്രതിരോധത്തിലാകാത്തിരിക്കാൻ സിപിഎം നേതാക്കൾ സജീവമായി പങ്കെടുത്തിരുന്നു.

Latest Stories

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

ആന എഴുന്നള്ളിപ്പിലെ മാർഗ്ഗരേഖക്ക് സ്റ്റേ; ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി