മോന്‍സണ്‍ നല്‍കിയ പണത്തിന്റെ പങ്ക് പറ്റിയവര്‍ ആരെല്ലാം; സഹിന്‍ ആന്റണിയും പ്രസ്‌ ക്ലബ്ബ് സെക്രട്ടറിയും സന്ദേശ യുദ്ധത്തില്‍

പുരാവസ്തു തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കല്‍ വിഷയമാണ് എറണാകുളത്തെ രണ്ടു മാധ്യമ പ്രവര്‍ത്തകരെ ഇപ്പോള്‍ തമ്മിലടിപ്പിക്കുന്നത്. പങ്കുപറ്റിയ പണത്തില്‍ ഉത്തരവാദിത്വമില്ലെന്ന ഏറ്റുപറച്ചിലാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരനെന്ന പേരില്‍ ട്വന്റിഫോര്‍ ന്യൂസില്‍ നിന്നും പുറത്തു പോകേണ്ടി വന്ന സഹിന്‍ ആന്റണിയും, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി ശശികാന്തുമാണ് ഇപ്പോള്‍ പോരാട്ടക്കളത്തിലുള്ളത്.

വിവാദ പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പത്തു ലക്ഷം രൂപ പ്രസ് ക്ലബ്ബിനായി കൈപ്പറ്റിയെന്ന വിഷയത്തിലാണ് ഏറ്റുമുട്ടല്‍. എറണാകുളം പ്രസ് ക്ലബ്ബിന്റെ കുടുംബമേളയിലെത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ, തട്ടിപ്പുകാരന് കുടപിടിച്ചത് ആരെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിലുള്ള അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹിന്‍ ആന്റണിയെ ചോദ്യം ചെയ്തപ്പോഴാണ് ചില കാര്യങ്ങള്‍ വെളിപ്പെട്ടത്. പ്രസ്ബ്ലബ്ബിന്റെ കുടുംബമേളയുടെ ഭക്ഷണ ബില്ല് നല്‍കിയത് മോന്‍സനാണെന്നാണ് സഹിന്‍ പറഞ്ഞത്. എന്നാല്‍ പ്രസ് ക്ലബ്ബ് കണക്കില്‍ മോന്‍സന്റെ കൈയില്‍ നിന്ന് പണം വാങ്ങിയ കണക്കുകള്‍ ഇല്ലെന്ന ആരോപണം ഒരുകൂട്ടം പത്രക്കാര്‍ ഉന്നയിക്കുന്നുമുണ്ട്. നേരത്തെ രണ്ടു ലക്ഷം രൂപയാണ് മോന്‍സന്‍ നല്‍കിയത് എന്നായിരുന്നു പുറത്തു വന്ന വിവരം. എന്നാല്‍ ചോദ്യം ചെയ്യലിനിടെ സഹിന്‍ ആന്റണി, മോന്‍സന്‍ പത്തു ലക്ഷം രൂപ തന്നിരുന്നെന്നും 20 ശതമാനം കമ്മീഷനായി തനിക്ക് രണ്ടു ലക്ഷം രൂപ സെക്രട്ടറിയായ ശശികാന്ത് പണമായി നല്‍കിയെന്നും വെളിപ്പെടുത്തി. ഇതോടെയാണ് ശിശികാന്തിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. രണ്ടു തവണ ഒഴിഞ്ഞു മാറിയെങ്കിലും ശശികാന്തിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.

ഇതിന് പിന്നാലെ പ്രസ് ക്ലബ്ബ് കമ്മിറ്റി അംഗങ്ങളുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളെന്ന പേരില്‍ ചില സന്ദേശങ്ങള്‍ പുറത്തു വരികയും ചെയ്തു. പ്രസ് ക്ലബ്ബ് സെക്രട്ടറി ശശികാന്തിന്റേതെന്ന പേരില്‍ പുറത്തുവന്ന സന്ദേശത്തില്‍ സഹിന്‍ ആന്റണിയാണ് തന്നെ കുഴിയില്‍ പെടുത്തിയത് എന്നാണ് ശശികാന്തിന്റെ വാദം. പ്രവാസി വ്യവസായി സംഘടനയില്‍ ഒരു ഡോക്ടര്‍ ഉണ്ടെന്നും അദ്ദേഹം ഭക്ഷണത്തിന്റെ ചെലവ് വഹിക്കുമെന്നും സഹിന്‍ ആന്റണിയാണ് തന്നോട് പറഞ്ഞതെന്ന് ശശികാന്ത് പറയുന്നു. തുടര്‍ന്ന് അഞ്ചര ലക്ഷം രൂപയാണ് ചെലവ് വരിക എന്ന് അറിയിച്ചിരുന്നെന്നും, 2020 ജനുവരി 20ന് സഹിന്‍ തന്നെ വിളിച്ച് പ്രസ്‌ക്ലബ്ബ് അക്കൗണ്ടില്‍ പണം ഇടാന്‍ സാധിക്കുന്നില്ലെന്നും പകരം എന്റെ സ്വകാര്യ അക്കൗണ്ട് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എന്റെ അക്കൗണ്ടില്‍ ജനുവരി 22, 23, 24 തിയതികളിലായി അഞ്ചു ലക്ഷം രൂപ കൈമാറിയെന്നാണ് ശശികാന്തിന്റെ കുറിപ്പ്. മോന്‍സനെ തനിക്കറിയില്ലെന്നും, അതിന് മുമ്പ് അദ്ദേഹത്തെ നേരില്‍ കണ്ടില്ലെന്നും ശശികാന്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

ജനുവരി 24നും ഫെബ്രുവരി മൂന്നിനുമായി കുടുംബമേള നടന്ന റിസോട്ടിന് അഞ്ചു ലക്ഷം രൂപ കൈമാറിയെന്നും അതിന്റെ ജിഎസ്ടി ബില്ലുകള്‍ ഉണ്ടെന്നുമാണ് ശിശികാന്ത് പറയുന്നത്. തിരക്കിനിടെ പറ്റിയ ജാഗ്രതക്കുറവാണിതെന്നും, സഹിന്റെ വാദങ്ങള്‍ തെറ്റാണെന്നുമാണ് ശിശികാന്ത് കമ്മിറ്റിയിലെ മറ്റംഗങ്ങളെ അറിയിച്ചത്. ഈ സന്ദേശം ശശികാന്ത് പങ്കുവെയ്ക്കുന്നതിന് മുമ്പ് സഹിന്‍ ആന്റണിയെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഹിന്‍ ആന്റണി തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് സന്ദേശം അയച്ചത്. ഗ്രൂപ്പില്‍ നിന്ന് പുറത്തായതോടെ വ്യക്തിപരമായ സന്ദേശമായാണ് സഹിന്‍ ശശികാന്തിനുള്ള മറുപടി നല്‍കിയത്.

2020 ജനുവരി മാസത്തിലെ കുടുംബമേളയില്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായിരുന്ന എന്നോട് ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി ഒരു സ്പോണ്‍സറെ കണ്ടെത്താന്‍ സെക്രട്ടറി ശശികാന്ത് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പലയാളുകളുമായി സ്പോണ്‍സര്‍ഷിപ്പ് കാര്യം ഞാന്‍ സംസാരിക്കുകയും ചെയ്തു. ഒടുവില്‍ പ്രവാസി മലയാളി പാട്രണ്‍ ആയ മോന്‍സന്റെ കാര്യവും സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഞാനും ശശികാന്തും 3 തവണ മോന്‍സനെ നേരില്‍ കണ്ട് സ്പോണ്‍സര്‍ഷിപ്പ് കാര്യം സംസാരിക്കുകയും ചെയ്തു.

ഒരു തവണ കല്യാണ്‍ സില്‍ക്സിനടുത്തുള്ള ചെരുപ്പ്കടയില്‍ വെച്ചും രണ്ട് തവണ മോന്‍സന്റെ കലൂരിലെ വീട്ടില്‍ വെച്ചുമാണ് നേരില്‍ കണ്ടത്. സ്പോണ്‍സര്‍ഷിപ്പ് ശരിയാക്കിയാല്‍ 20% കമ്മീഷനായി, ഡയറിക്കെല്ലാം പ്രസ് ക്ലബ് അംഗങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കുന്നത് പോലെ എനിക്ക് നല്‍കാം എന്ന് ശശികാന്ത് ഏല്‍ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മോന്‍സണ്‍ 10 ലക്ഷം രൂപ സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതോടെ ശശികാന്ത് തന്റെ അക്കൗണ്ടിലേക്ക് ഈ പണം വാങ്ങുകയാണ് ഉണ്ടായത്. അന്ന് പ്രസ് ക്ലബ് അക്കൗണ്ടില്‍ എന്തുകൊണ്ടാണ് വാങ്ങാത്തത് എന്ന എന്റെ ചോദ്യത്തിന് പ്രസ് ക്ലബ് അക്കൗണ്ടില്‍ വന്നാല്‍ കമ്മീഷന്‍ കുറയും എന്നായിരുന്നു മറുപടി. തുടര്‍ന്ന് ശശികാന്തിന്റെ അക്കൗണ്ടില്‍ പണം വാങ്ങുകയും കമ്മീഷനായി മൂന്ന് ഘട്ടങ്ങളില്‍ പണം നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തു. അതനുസരിച്ച് ജനുവരി 22 ന് വൈകുന്നേരം 4.58 ന് 50,000 രൂപയും ജനുവരി 23 രാവിലെ 6.35ഓടെ 25,000 രൂപയും ജനുവരി 24 ന് രാവിലെ 10.19ഓടെ 25,000 രൂപയും ജനുവരി 24 ന് വൈകുന്നേരം 4.38 ന് 1,50,000 രൂപയും എന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റായി നല്‍കി. ഇതില്‍ 50,000 രൂപ കൂടുതലുണ്ടല്ലോ എന്നറിയിച്ചപ്പോള്‍ ശശികാന്ത് ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കിയാല്‍ മതി എന്നായിരുന്നു മറുപടി. പിന്നീട് പല ഘട്ടങ്ങളിലായി ഈ പണം ഞാന്‍ തിരികെ നല്‍കിയിട്ടുള്ളതുമാണ്.

എന്നാല്‍ മോന്‍സണ്‍ കേസ് ചര്‍ച്ചയായപ്പോള്‍ ശശികാന്ത് രണ്ട് തവണ എന്നെ നേരില്‍ വന്ന് കണ്ടിരുന്നു. ശശികാന്തിന്റെ അക്കൗണ്ടില്‍ പണം വാങ്ങിയത് പറയരുതെന്നായിരുന്നു ആവശ്യം. ആദ്യതവണ കണ്ടത് ഫോര്‍ഷോര്‍ റോഡില്‍ വെച്ചും രണ്ടാമത് എറണാകുളം പ്രസ്‌ക്ലബില്‍ ഞായറാഴ്ച ദിവസവുമായിരുന്നു കണ്ടത്. തുടര്‍ന്ന് മോന്‍സണ്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കമ്മിറ്റിക്ക് മുമ്പ് ഈ സത്യങ്ങള്‍ തുറന്ന് പറയാന്‍ തീരുമാനിച്ച എന്നോട് ഒന്നും പറയേണ്ടതില്ല എന്നും നിന്റെ കമ്മീഷനൊഴിച്ചുള്ള ബാക്കി തുകയെല്ലാം ചെലവായ കണക്ക് തന്റെ പക്കലുണ്ടെന്നും താനതിനെ പ്രതിരോധിച്ചു കൊള്ളാം എന്നുമാണ് ശശികാന്ത് ഉറപ്പ് നല്‍കിയിരുന്നത്. കമ്മറ്റിിയില്‍ ശശികാന്തിന്റെ ആള്‍ബലം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

പൊതുവെ ദുര്‍ബലമായ അവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ചൂഷണം ചെയ്യുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ വൈകിപ്പോയി.എന്നാല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഞാനീ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. ഇതോടെ സത്യം പുറത്ത് വരുമെന്ന് ഭയന്ന ശശികാന്ത് എന്നെ വിളിച്ച് മോശമായി സംസാരിക്കുകയും എനിക്കെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്. പിന്നീട് പ്രസ് ക്ലബ് ഭാരവാഹികള്‍ അംഗങ്ങളായ ഗ്രൂപ്പില്‍ നിന്നും’ ഇന്ന് രാവിലെ 7.40 ഓടെ എന്നെ ഒഴിവാക്കുകയും അതിന് ശേഷം കളവായ പ്രചാരണങ്ങള്‍ എനിക്കെതിരെ അഴിച്ചു വിടുകയുമാണ് ചെയ്തിട്ടുള്ളത്. എന്റെ മറു ചോദ്യങ്ങള്‍ ഭയന്നായിരിക്കാം ഇങ്ങനെ ചെയ്തതെന്നും ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം കള്ള ബില്ല് ഉണ്ടാക്കാന്‍ ഓടി നടന്ന കാര്യം നമ്മള്‍ക്കെല്ലാം അറിയാവുന്നതും ആണല്ലോ. ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും ഞാന്‍ തയാറാണ്. ഇതോടൊപ്പം ശശികാന്ത് എനിക്ക് നല്‍കിയ പണത്തിന്റെ സ്‌ക്രീന്‍ഷോട്ട് വെയ്ക്കുന്നു. നിങ്ങള്‍ക്കാര്‍ക്കും പരിശോധിക്കാവുന്നതാണ്.

ഇതായിരുന്നു സഹിന്‍ അയച്ച മറുപടി സന്ദേശം. സെക്രട്ടറി ശശികാന്തും സഹിന്‍ ആന്റണിയും പരസ്പരവിരുദ്ധമായാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ മൊഴി നല്‍കിയതും. ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും സാദ്ധ്യതയുണ്ട്. അതിനിടെ ദീപക് ധര്‍മ്മടത്തെ യൂണിയനില്‍ നിന്ന് പുറത്താക്കാക്കിയിട്ടും മുന്നിലുണ്ടായിരുന്ന സെക്രട്ടറിക്കെതിരെ ഇത്രയേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നടപടിയുണ്ടാകാത്തതെന്തെന്ന ചോദ്യവും അംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നേരത്തെ ചില കണക്കുകള്‍ സംബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ടി പി പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങളും, അതിന് മറുപടിയായി ശശികാന്ത് നല്‍കിയ സന്ദേശവും പുറത്തു വന്നിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം