കണ്ണൂരില്‍ ട്രെയിനില്‍ ടിക്കറ്റില്ലാത്തതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യാത്രക്കാരനെ കൈയേറ്റം ചെയ്യാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ന്യായീകരിക്കാന്‍ കഴിയുന്ന സംഭവമല്ല ഇതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഉള്ളത് സമനില തെറ്റിയ പൊലീസാണ്. പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ എന്താണെന്ന് പോലും അവര്‍ക്ക് അറിയില്ലെന്നും സര്‍ക്കാര്‍ പൊലീസിനെ നിയന്ത്രിക്കുന്നില്ല് എന്നും കെ സുധാകരന്‍ പറഞ്ഞു. പൊലീസ് നടപടികള്‍ ക്രമസമാധാനം തകര്‍ക്കുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. കേരളത്തില്‍ ലോക്കല്‍ സെക്രട്ടറിമാരെ വെച്ചാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഭരണമാണ് പൊലീസിനെ വഴിതെറ്റിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ച് യാത്രക്കാരനെ എഎസ്ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. കണ്ണൂരില്‍ നിന്ന് മാവേലി എക്സ് പ്രസ് പുറപ്പെടുമ്പോഴായിരുന്നു സംഭവം. സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റില്‍ പരിശോധനയ്ക്ക് എത്തിയ എ.എസ്ഐ പ്രമോദ് നിലത്ത് ഇരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. എന്നാല്‍ സ്ലീപ്പര്‍ ടിക്കറ്റ് ഇല്ലെന്നും ജനറല്‍ ടിക്കറ്റാണ് ഉള്ളതെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. ശേഷം കൈയിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് യാത്രക്കാരന്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയായിരുന്നു പൊലീസുകാരന്റെ മര്‍ദ്ദനം.