തന്റെ കയ്യിൽ നിന്നും പണം വാങ്ങിയ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തി പതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, ഇടുക്കി എം പി ഡീൻ കുര്യാക്കോസ്,കോട്ടയം എം പി ഫ്രാൻസിസ് ജോർജ് അടക്കം നിരവധി പേരാണ് അനന്തു കൃഷ്ണന്റെ പട്ടികയിലുള്ളത്. ഇനിയും ആരുടെയെല്ലാം പേരുകളാണ് പുറത്ത് വാനിരിക്കുന്നതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പൊലീസിന് നൽകിയ മൊഴിയിലാണ് നിലവിൽ കേസിൽ കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ ഒരു എംഎൽ ഏഴ് ലക്ഷം രൂപ നൽകിയെന്നാണ് മൊഴി. കൂടാതെ ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപയും, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപയും, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
അതിനിടെ മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിനോട് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. അതേസമയം മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേയ്ക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്.
ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് അനന്തു കൃഷ്ണന്റെ മൊഴി. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. കൂടാതെ തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നും മൊഴിയുണ്ട്. അവിടേയ്ക്ക് അയച്ചാൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റിയെടുക്കാമെന്ന് സി വി വർഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്.
അതേസമയം പ്രമുഖരെ കുടുക്കുന്ന ചില ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകളും വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലീസ് കണ്ടെടുത്തതായാണ് സൂചന. തെളിവുകള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ പലതും ക്ലൗഡ് സ്റ്റോറേജിലാണ് സൂക്ഷിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ കോള്‍ റെക്കോര്‍ഡിങ്ങുകളും വാട്‌സ്ആപ്പ് ചാറ്റുകളും ക്ലൗഡ് സ്‌റ്റോറേജിലുണ്ട് എന്ന് അനന്തു കൃഷ്ണന്‍ പറയുന്നു. എല്ലാ ഉന്നതരും പെടട്ടേ എന്ന് അനന്തു തങ്ങളോട് പറഞ്ഞതായും പൊലീസ് അറിയിച്ചു.