ആട്ടും തുപ്പും സഹിച്ച് എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നു; കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വന്തം മാതാവിനെ അപമാനിച്ച ആള്‍ക്കായി മുരളീധരന്‍ വോട്ട് ചോദിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുരളീധരനോട് സഹതാപം മാത്രമാണെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

ആട്ടും തുപ്പും സഹിച്ച് മുരളീധരന്‍ എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നുവെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാമതാകാനും സാധ്യത ഉണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ബിജെപി പാര്‍ട്ടിക്കാര്‍ ഇത് തന്നെയാണ് പറയുന്നത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടില്‍ അല്ല നോട്ടിലാണ് താത്പര്യമെന്നും മുരളീധരന്‍ പറഞ്ഞു.

പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ റോഡ് ഷോയിലെ ജന പങ്കാളിത്തം വോട്ടായി മാറില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. നേതൃത്വത്തിന്റെ വീഴ്ചകള്‍ പറയേണ്ടത് പാര്‍ട്ടി പോര്‍മുഖത്ത് നില്‍ക്കുമ്പോഴല്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിഡി സതീശന്റെ ശൈലിക്കെതിരായ വിമര്‍ശനത്തോടായിരുന്നു പ്രതികരണം.

Read more

അതേസമയം പാര്‍ട്ടിയില്‍ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോള്‍ ശൈലിയും മാറുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. അത് സ്വാഭാവികമാണ്. ഇത് പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമര്‍ശനങ്ങളും തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമെന്നും മുരളീധരന്‍ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.