എയര്‍സെല്‍ കമ്പനിയുടെ മൊബൈല്‍ ടവറുകള്‍ വ്യാപകമായി മോഷണം പോവുന്നു. കേരളത്തില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമായി 51 ടവറുകളാണ് ഊരിമാറ്റിയത്. ടവര്‍ സ്ഥാപിച്ച ജി.ടി.എല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
2008 -2009 കാലത്താണ് എയര്‍സെല്‍ മൊബൈല്‍ കമ്പനിക്കായി 500 ടവറുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ജി.ടി.എല്‍ എന്ന കമ്പനിയാണ് ഈ ടവറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍സെല്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ കുറച്ച് ടവറുകളില്‍ മറ്റ് കമ്പനികളുടെ പാനലുകള്‍ സ്ഥാപിച്ചു.
മറ്റ് ടവറുകള്‍ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇതാണ് മോഷ്ടിച്ചത. വര്‍ഷങ്ങളായി ടവര്‍ വാടക ലഭിക്കാത്ത സ്ഥലം ഉടമകളെ കമ്പനി പ്രതിനിധികളെന്ന പേരില്‍ സമീപിച്ചാണ് മോഷണം. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് മാത്രം 22 ടവര്‍ അഴിച്ചുമാറ്റി.
കേരളത്തിലെ 10 ജില്ലകളില്‍ നിന്നായി 29 ടവറുകള്‍ ഇതിനകം ഊരിയെടുത്തു. മൊബൈല്‍ ടവര്‍ സര്‍വീസ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന തമിഴ്‌നാട് സേലം സ്വദേശി കൃഷ്ണകുമാറിനെയാണ് കസബ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 40 മീറ്ററിലധികം ഉയരമുള്ള ഒരു ടവറിന് 50 ലക്ഷം രൂപവരെ വിലവരും.