നാടിനെ നടുക്കിയ തളിക്കുളം ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറയും. കേസിൽ ഹഷിദയുടെ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മജിസ്ട്രേറ്റ് എൻ വിനോദ് കുമാർ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ പ്രോസിക്യൂഷൻ 58 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തു.
2022 ആഗസ്‌റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകളായ ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് മംഗലത്തറ വീട്ടിൽ അബ്‌ദുൾ അസീസ് മകൻ മുഹമ്മദ് ആസിഫ് അസീസ്(30) അറസ്റ്റിലായത്. ഹഷിദ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമുള്ളപ്പോഴായിരുന്നു കൊലപാതകം.
കുടുംബ വഴക്കിനെ തുടർന്ന് സംഭവ ദിവസം പ്രതി ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഭാര്യയോട് സംസാരിക്കാനായി മുറിയില്‍ കയറിയ ഉടനെ ആക്രമിക്കുകയായിരുന്നു. ബാഗിൽ ഒളിപ്പിച്ചു കൊണ്ടു വന്ന വാൾ ഉപയോഗിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും, തടയാൻ ചെന്ന ഭാര്യപിതാവ് നൂറുദ്ദീനെ തലക്ക് വെട്ടിട്ടുകയും ചെയ്തു. തടയാനെത്തിയ ഭാര്യ മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.
ഗുരുതര പരിക്കേറ്റ് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആഗസ്റ്റ് 21ന് വൈകിട്ട് നാലു മണിയോടു കൂടിയാണ് ഹാഷിദ മരണപ്പെട്ടത്. കൊലപാതകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട കൊലയാളിയെ സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ല.