ഹൈക്കമാൻഡ് പറഞ്ഞാൽ നേമത്ത് മത്സരിക്കുമെന്നും ബി.ജെ.പിയെ ഭയമില്ലെന്നും കോൺഗ്രസ് എം.പി, കെ. മുരളീധരൻ. രാഹുൽ ഗാന്ധിയും ദേശീയ നേതൃത്വവും ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ അതിന് വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ. കരുണാകരന്റെയും മകന്റെയും സമീപനമല്ലെന്നും മുരളീധരൻ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ തവണ നേമത്ത് സുരേന്ദ്രൻ പിള്ളയെ പെട്ടെന്ന് സ്ഥാനാർത്ഥിയാക്കിയത് യു.ഡി.എഫിന് തിരിച്ചടിയായി. നേമത്തേക്ക് വലിയ നേതാക്കൾ വേണമെന്നില്ല. കോൺഗ്രസും കൈപ്പത്തി ചിഹ്നവും ഉണ്ടെങ്കിൽ ജയിക്കാവുന്ന മണ്ഡലമാണ് നേമം. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വന്നാൽ ആദ്യം ഒച്ചയും പ്രകടനവും സ്വാഭാവികമാണ്. ഞാൻ വട്ടിയൂർകാവിൽ 2011ൽ എത്തിയപ്പോൾ പന്തംകൊളുത്തി പ്രകടനം ഉണ്ടായിരുന്നു. അതെല്ലാം ഇരുട്ടിന്റെ സന്തതികളുടെ ചെയ്തികളാണെന്നും മുരളീധരൻ പറഞ്ഞു.
ഹൈക്കമാൻഡ് പറയുന്നതെന്താണോ അത് താൻ കേൾക്കും. മത മേലദ്ധ്യക്ഷൻമാർ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടപെട്ടിട്ടില്ല. സ്ഥിരം തോൽക്കുന്ന സീറ്റിലും ഘടക കക്ഷികൾക്ക് സീറ്റ് കൊടുക്കരുതെന്ന നിലപാട് ശരിയല്ല. പി.സി ചാക്കോ പോയത് നഷ്ടമാണ്. പി.സി ചാക്കോ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ലായിരുന്നു. സ്ഥാനാർത്ഥി നിർണയം വൈകിപ്പിച്ച് ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.