ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സന്ദർശിച്ച് വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മ. ആഭ്യന്തരവകുപ്പിന്റെ അഭ്യർഥനപ്രകാരമാണ് സന്ദർശനം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നൽകുന്നതുമായി ബന്ധപ്പെട്ട് അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
സോജന് ഐപിഎസ് നൽകിയാൽ കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. സോജൻ മക്കളെ കുറിച്ച് ചാനൽ വഴി മോശമായി സംസാരിച്ചു. അങ്ങനെ ഒരാൾക്ക് ഐപിഎസ് കൊടുക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.അമ്മ പറയേണ്ട കാര്യങ്ങൾ ആഭ്യന്തരവകുപ്പിനെ രേഖാമൂലം അറിയിച്ചു.
2017ലായിരുന്നു വാളയാർ സംഭവം നടന്നത്. ദിവസങ്ങളുടെ ഇടവേളയിൽ 11 ഉം 9 ഉം വയസുള്ള പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൻ്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന എംജെ സോജൻ പ്രതികളെ രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കി എന്ന് ആരോപണമുയർന്നു. ഈ വിഷയമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും അന്നത്തെ ഡിവൈഎസ്പി ആയിരുന്ന സോജൻ പറഞ്ഞിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞിരുന്നത് ഏറെ വിവാദമായിരുന്നു. 11 ഉം 9 ഉം വയസുള്ള പെൺകുട്ടികളെ കുറിച്ച് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങളിൽ പറയുകയും കേസ് അട്ടിമറിച്ചുവെന്നതടക്കമുള്ള ആരോപങ്ങൾ നേരിടുകയും ചെയ്യുന്ന സോജനാണ് ഐപിഎസ് പദവി നൽകാൻ സർക്കാർ തിടുക്കം കാട്ടുന്നത്.