ഇന്‍ഡിഗോയില്‍ കയറില്ലന്ന ശപഥം പാലിക്കും, ഇനി യാത്ര എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍, ഒന്നര വര്‍ഷത്തിന് ശേഷം ഇ പി വീണ്ടും വിമാനയാത്രക്ക്

ഇന്‍ഡിഗോയില്‍ ഇനി കയറിയില്ല എന്ന തന്റെ ശപഥം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും വിമാനയാത്രക്കൊരുങ്ങൂന്നു. കണ്ണൂര്‍ തിരുവനന്തപുരം റൂട്ടില്‍ പുതിയ എയര്‍ ഇന്ത്യാ എക്‌സപ്രസ് സര്‍വ്വീസ് തുടങ്ങിയതാണ് ഇ പി അനുഗ്രഹമായത്.

കഴിഞ്ഞ ജൂണ്‍ 13 നാണ് മുഖ്യമന്ത്രിക്കൊപ്പം കണ്ണൂര്‍ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത ഇ പിക്കെതിരെ ഇന്‍ഡിഗോയുടെ യാത്രാ വിലക്ക് വന്നത്. വിമാനത്തിനുളളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു മുമ്പോട്ട് വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിവീഴ്തിയെന്നതായിരുന്നു ഇ പി ജയരാജനെതിരെതിരെയുണ്ടായ ആരോപണം. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ അദ്ദേഹത്തിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇ പിയെ മൂന്നാഴ്ചയും മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രണ്ടാഴ്ചയുമാണ് വിലക്കിയത്്.

ഇതില്‍ പ്രതിഷേധിച്ച് താനിനി ഒരിക്കലും ഇന്‍ഡിഗോ വിമാനത്തില്‍ കയറിയില്ലന്ന് പ്രഖ്യാപിച്ചു. അതോടെ ഇ പിയുടെ കണ്ണൂര്‍ തിരുവനന്തപുരം യാത്ര ട്രെയിനിലായി. എന്നാല്‍ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ള ഇ പിക്ക് ട്രെയിന്‍ യാത്രയും വലിയ ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് ഭാഗ്യവശാല്‍ കണ്ണൂര്‍ തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്്‌സ്പ്രസ് സര്‍വ്വീസ് തുടങ്ങുന്നത്. ഇതോടെ ഇ പി ക്ക് ആശ്വാസമായി. ഇതോടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് ഇ പി ശനിയാഴ്ച രാവിലെയുള്ള എയര്‍ ഇന്ത്യ എക്ര്പ്രസില്‍ യാത്ര തിരിക്കും