കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഈ മാസം 15-നുമുന്‍പ് നടക്കുമെന്നിരിക്കെ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ഡല്‍ഹി യാത്ര മുറയ്ക്ക് നടക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള സജീവ ചര്‍ച്ചകളില്‍ ശോഭ സുരേന്ദ്രന്‍ സ്ഥിരം പേരാകുന്നതിനിടയില്‍ അമിത് ഷായുമായുള്ള ശോഭയുടെ കൂടിക്കാഴ്ച ദേശീയ തലത്തിലും ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ശോഭ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ ചരടവലിയില്‍ നിര്‍ണായ കേന്ദ്രവുമായ അമിത് ഷായെ കണ്ടത് സ്വയമേവയാണ് പുറത്തുവിട്ടത്. 29 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയ്ക്ക് അധ്യക്ഷന്‍മാര്‍ ഈ മാസം 15ന് ഉള്ളില്‍ വരാനിരിക്കെ ദേശീയ അധ്യക്ഷനും ഈ മാസം ഒടുവില്‍ തീരുമാനമാകും.
ദേശീയ- സംസ്ഥാന അധ്യക്ഷന്മാരേയുപം ദേശീയ കൗണ്‍സില്‍ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിനുള്ള ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമം പുരോഗമിക്കവെ ഡല്‍ഹിയിലേക്ക് ഓരോ വിഭാഗം നേതാക്കളായി ചേക്കേറുന്നുണ്ട്. കേരളത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുള്ള കെ സുരേന്ദ്രന് കടുത്ത എതിര്‍പ്പാണ് മറുചേരികളില്‍ നിന്നുണ്ടാവുന്നത്. സുരേന്ദ്രനെ മാറ്റി മറ്റൊരാള്‍ എന്നതാണ് കേരള ബിജെപിയിലെ പ്രബല ചേരികളില്‍ പലതിന്റേയും പ്രധാന ആവശ്യം. തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിക്കാണ്. അഞ്ചു വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കെ സുരേന്ദ്രന് നേര്‍ക്ക് ഈ കാലയളവിലെല്ലാം ശക്തമായ ഉള്‍പ്പാര്‍ട്ടി പ്രതിരോധം ബിജെപിയില്‍ ഉയര്‍ന്നിരുന്നു. 3 വര്‍ഷമാണ് ബിജെപി അധ്യക്ഷന്റേ ഒരു ടേം കാലാവധി. നേരത്തെ കേന്ദ്ര നേതൃത്വം സുരേന്ദ്രന് കാലാവധി നീട്ടി നല്‍കുകയായിരുന്നു.
ഇക്കുറി ബിജെപിയില്‍ കാര്യങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് എത്തിയാലും നിലവിലെ പ്രസിഡന്റ് സുരേന്ദ്രന് മത്സരിക്കാന്‍ തടസ്സമില്ല. പക്ഷേ കഴിഞ്ഞ കുറേ നാളുകളായി കേന്ദ്രം നിര്‍ദേശിക്കുന്നവര്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതാണ് ബിജെപി രീതി. മത്സരമില്ലാതെ അമിത് ഷാ- നരേന്ദ്ര മോദി കേന്ദ്രം നിര്‍ദേശിക്കുന്ന പേര് അംഗീകരിക്കപ്പെടുന്ന രീതിയാണ് നാളുകളായി ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത. ഇക്കുറിയും അതിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ ആരാകും കേന്ദ്രത്തിന്റെ നോമിനിയെന്ന ചോദ്യം പാര്‍ട്ടി ഘടകങ്ങളിലും ഉണ്ട്. കെ സുരേന്ദ്രന് വീണ്ടും കേന്ദ്രനേതാക്കള്‍ അവസരം നല്‍കുമോ അതോ പുതിയ ഒരു പാര്‍ട്ടി അധ്യക്ഷന്‍ സംസ്ഥാനത്ത് ബിജെപിയ്ക്കുണ്ടാകുമോ?. മത്സരത്തിലൂടെ അവസാനം സംസ്ഥാന അധ്യക്ഷനായത് പി കെ കൃഷ്ണദാസാണെന്നിരിക്കെ കൃഷ്ണദാസ് പക്ഷത്തിന് ഇക്കുറി കേന്ദ്ര നേതാക്കള്‍ പരിഗണന നല്‍കുമോയെന്ന ചോദ്യമുണ്ട്.
പികെ കൃഷ്ണദാസും എ എന്‍ രാധാകൃഷ്ണനും ശോഭ സുരേന്ദ്രന് പുറമേ കേന്ദ്ര നേതാക്കളെ കണ്ടു തങ്ങളുടെ ആകുലതകളും ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. നേതൃമാറ്റം എന്ന കാര്യത്തില്‍ സംശയമില്ലാത്ത ഇരുവരും കെ സുരേന്ദ്രന് അപ്പുറത്ത് ഒരാള്‍ എന്ന നയത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്. ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പെര്‍ഫോമന്‍സ് കേരളത്തില്‍ അവരില്‍ ഒരു വിഭാഗം വനിത വോട്ടുകള്‍ക്കുള്ള വിശ്വാസം എന്നിവ കേന്ദ്രനേതൃത്വം ഉറ്റുനോക്കുന്നുണ്ട്. ഏത് സീറ്റില്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിര്‍ത്തിയാലും വോട്ട് കുത്തനെ കൂട്ടുന്ന ശോഭ സുരേന്ദ്രന്റെ വ്യക്തിപ്രഭാവം കേന്ദ്രനേതൃത്വം ശ്രദ്ധിക്കുന്നുവെന്നിരിക്കെ ഒരു വനിത സംസ്ഥാന അധ്യക്ഷയ്ക്ക് ബിജെപി ശ്രമിക്കുമോയെന്ന സാധ്യത ശക്തമാണ്.
പികെ കൃഷ്ണദാസിന്റെ പേര് ഉയരുമ്പോഴും സുരേന്ദ്രന്‍ വിരോധികള്‍ എംടി രമേശിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ട്രെന്‍ഡ് കണ്ട് ആ വഴിക്ക് നീങ്ങാനും കൃഷ്ണദാസ് പക്ഷത്തിന് മടിയില്ല. എം ടി രമേശിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തില്‍ കൃഷ്ണദാസ് വിഭാഗവും അനുകൂലമാണെന്നിരിക്കെ ആ വഴിയും സാധ്യമാണ്.
ട്രോളും ചീത്തവിളിയും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ വിജയം ബിജെപിയുടെ കരുത്ത് മാത്രം കൊണ്ടല്ലെന്ന് വ്യക്തമായിട്ടും ആ പ്രകടനത്തിന്റെ പേരില്‍ സുരേന്ദ്രനെ വാഴ്ത്തിപ്പാടുന്ന അണികളുണ്ട്. മൊത്തത്തില്‍ ലോക്‌സഭയിലെ ബിജെപി നേട്ടങ്ങളെല്ലാം സുരേന്ദ്രന്റെ നേട്ടമാണെന്ന് പറഞ്ഞു സംസ്ഥാന അധ്യക്ഷ സ്ഥാനം നീട്ടാനുള്ള തീരുമാനവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.