റോഡ് നിർമ്മാണം കരാറെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കിൽ മാത്രമേ നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയുള്ളോ എന്നാണ് മന്ത്രി ചോദിച്ചത്. ഏഴു മാസം മുൻപ് കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം വിമാനത്താവളം റോഡ് നന്നാക്കാത്തതിനെ കുറിച്ചു ചർച്ച ചെയ്ത ഉന്നതതല യോഗത്തിൽ നിന്നു കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ വിട്ടുനിന്നതാണു മന്ത്രിയെ പ്രകോപിപ്പിച്ചത്. മന്ത്രി വിളിച്ച യോഗത്തിൽ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എൻജിനീയറും പങ്കെടുത്തപ്പോൾ, കമ്പനി അയച്ചതു ജൂനിയർ ഉദ്യോഗസ്ഥനെയാണ്.
സാങ്കേതിക കാരണങ്ങളുടെ പേരിൽ അറ്റകുറ്റപ്പണിയിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് മന്ത്രി ക്ഷുഭിതനായത്. ‘‘പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണു മരാമത്ത് വകുപ്പിന്റെ പ്രശ്നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവർത്തിച്ചാൽ നടപടിയുണ്ടാകും’’ മന്ത്രി പറഞ്ഞു.
നിർമ്മാണത്തിനുള്ള മണ്ണ് ആര് എത്തിക്കുമെന്ന തർക്കത്തെ തുടന്നാണ് പണി ഇഴഞ്ഞത്. കരാറുകാർ തന്നെ മണ്ണ് എത്തിക്കണമെന്നു വ്യവസ്ഥയുണ്ടെന്നു മരാമത്ത് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ശകാരം കേട്ടതോടെ ‘സാങ്കേതിക തടസ്സം’ നീങ്ങി. ഫെബ്രുവരിയോടെ പണി പൂർത്തിയാക്കാമെന്ന ഉറപ്പോടെ വിശദമായ റിപ്പോർട്ടും കരാർ കമ്പനി നൽകി. കടലിനു ചേർന്നായതിനാൽ സംരക്ഷണഭിത്തി നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. അതിനു ശേഷമാകും റോഡ് പണി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് 221 ദിവസമായി അടച്ചിട്ടിരിക്കുകയാണ്.