ഓണം ബമ്പറടിച്ച ഭാഗ്യശാലികള്‍ ടിക്കറ്റ് വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നാണോ എന്ന് കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടറും ഫിനാന്‍സ് ഓഫീസറും ഉള്‍പ്പെടുന്ന ഏഴംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാവും ഭാഗ്യശാലികള്‍ക്ക് സമ്മാന തുക ലഭിക്കുക. 25 കോടി രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റ് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ വിറ്റതാണോ എന്നറിയാനാണ് അന്വേഷണം.
ഓണം ബമ്പറില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് തമിഴ്‌നാട് സ്വദേശികളായ പാണ്ഡ്യരാജിന്റെയും മറ്റ് മൂന്ന് സുഹൃത്തുക്കളുടേതുമാണ്. വാളയാറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയതായാണ് ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ടിക്കറ്റ് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ നിന്ന് വാങ്ങിയതാണെന്നും പണം കൈമാറരുതെന്നും ആരോപിച്ച് തമിഴ്‌നാട് സ്വദേശി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ലോട്ടറി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
കേരള സര്‍ക്കാരിന്റെ ലോട്ടറി മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്ന് നിയമം നിലനില്‍ക്കുന്നു. ഇത് സംബന്ധിച്ച് പരാതി കൂടി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കും. എന്നാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് പാണ്ഡ്യരാജ്, നടരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ തിരുവനന്തപുരത്തെത്തി ലോട്ടറി വകുപ്പിന് കൈമാറിയിരുന്നു. പാലക്കാട് ബാവ സെന്ററില്‍ നിന്നാണ് ഓണം ബമ്പര്‍ വാങ്ങിയതെന്നാണ് ഇവര്‍ അറിയിച്ചത്.