കോട്ടയത്ത് മോഷ്ടിച്ച ചെക്ക് ലീഫ് ഉപയോഗിച്ച് പണം പിന്‍വലിച്ച കള്ളന്‍ പിടിയിലായി. വൈക്കത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷ്ടിച്ച ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചതോടെയാണ് തസ്‌കരന്‍ പൊലീസിന്റെ വലയിലായത്. സംഭവത്തില്‍ പടഹാരം ഭാഗത്ത് ശ്യാംഭവന്‍ വീട്ടില്‍ ഡെന്നിസ് എന്ന് വിളിക്കുന്ന അപ്പു(21) ആണ് കേസില്‍ അറസ്റ്റിലായത്.
ഡിസംബര്‍ ഏഴിന് രാത്രി ആയിരുന്നു പ്രതി വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകള്‍ മോഷ്ടിച്ചത്. സ്ഥാപനത്തിലെ കവര്‍ച്ചയെ കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ അപ്പു കമ്പനിയില്‍ നിന്ന് മോഷ്ടിച്ച ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ വിവരം മനസിലാക്കിയ സ്ഥാപന ഉടമ ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വൈക്കം പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലും അന്വേഷണത്തിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ അപ്പു. ഇയാള്‍ക്കെതിരെ കൊല്ലം ഈസ്റ്റ്, പുനലൂര്‍ എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്.