'കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടില്ല'; യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ മൊഴിമാറ്റി സാക്ഷികൾ

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ മൊഴി മാറ്റി സാക്ഷികൾ. എംഎൽഎയുടെ മകൻ കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങൾ കണ്ടില്ലെന്നാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ മുൻപാകെ സാക്ഷികൾ പുതിയ മൊഴി നൽകിയിരിക്കുന്നത്. തകഴി സ്വദേശികളായ രണ്ട് സാക്ഷികളാണ് മൊഴി മാറ്റിയത്.

കേസിന്റെ അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. അതേസമയം എംഎൽഎയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനിവിനെ കേസിൽ നിന്നും ഒഴിവാക്കും. കനിവ് അടക്കം ഒമ്പത് പേരെയായിരുന്നു കേസിൽ പ്രതി ചേർത്തത്. പ്രതിഭ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

എന്നാൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധന ഇല്ലാതെയാണെന്നും മകനെ എക്‌സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും എംഎൽഎ മൊഴി നൽകിയിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കുട്ടനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിയുണ്ടാകും.

Read more

ഡിസംബർ 28നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറിൽ പറഞ്ഞിരുന്നു.