എറണാകുളം അയ്യമ്പുഴയിൽ പൊലീസുകാർക്ക് നേരെ നേപ്പാൾ യുവതിയുടെ ക്രൂരമർദ്ദനം. എസ്ഐയുടെ മൂക്കിടിച്ച് തകർത്തു. നാല് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. നേപ്പാൾ സ്വദേശി ഗീതയും പുരുഷ സുഹൃത്തും ചേർന്നാണ് പൊലീസുകാരെ മർദ്ദിച്ചത്. ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
അയ്യമ്പുഴയുടെ ചില ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ ലഹരിമാഫിയ സംഘം നിലയുറപ്പിച്ചെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. ഇന്ന് പുലർച്ചെ ഒന്നരയോടെ എസ്ഐയും ഡ്രൈവറും അടങ്ങുന്ന സംഘം ജീപ്പിൽ അയ്യമ്പുഴയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായി റോഡരികിൽ ബൈക്ക് നിർത്തിയത് ശ്രദ്ധയിൽപ്പെട്ടത്.
നേപ്പാൾ സ്വദേശിനിയും ആൺസുഹൃത്തുമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇവരോട് കാര്യങ്ങൾ തിരക്കുകയായിരുന്നു. എന്നാൽ ഇതിൽ വ്യക്തതയില്ലാത്തതിനാൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ യുവതി പൊലീസിന് നേരെ തിരിഞ്ഞു.
Read more
എസ്‌ഐയുടെ മൂക്കിനിടിക്കുകയും മറ്റു പൊലീസുകാരെ കടിക്കുകയും മാന്തുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ചോദ്യം ചെയ്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.