കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോയ വനിത കൗൺസിലർ കലാരാജു തിരിച്ചെത്തി. കലാരാജുവിന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാനിരിക്കെ കുറുമാറുമെന്ന് ഭയന്നാണ് കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതെന്ന് മക്കൾ പരാതി നൽകിയിരുന്നു.
സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികൾ. നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതിനിടെ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്ന സിപിഎം, തങ്ങൾ 13 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാർട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്.
കലയുടെ മകൾ ലക്ഷ്‌മിയാണ് പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറിയത്. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ടുചെയ്യുമെന്ന ഭയത്തെ തുടർന്ന് കടത്തിക്കൊണ്ടുപോയെന്നാണ് പരാതി. 13 ഭരണസമിതി അംഗങ്ങളുള്ള കൂത്താട്ടുകുളം നഗരസഭ എൽഡിഎഫാണ് ഭരിക്കുന്നത്. ഇന്നത്തെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിന് പിന്നാലെ തന്നെ പങ്കെടുക്കേണ്ടതില്ലെന്നാണ് എൽഡിഎഫ് തീരുമാനിച്ചത്.
എന്നാൽ ഇതിനിടെ ഒരു എൽഡിഎഫ് കൗൺസിലർ കൂറുമാറി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. പിന്നാലെ യുഡിഎഫ് കൗൺസിലറുടെ വാഹനത്തിൽ നഗരസഭയിൽ വന്നിറങ്ങിയ കലാ രാജുവിനെ നഗരസഭ ചെയർപേഴ്‌സണിൻ്റെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പൊലീസ് നോക്കിനിൽക്കെ ആയിരുന്നു ഈ അതിക്രമമെന്ന യുഡിഎഫ് ആരോപിക്കുന്നു.