ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് റെയില്‍വേ പൊലീസ്. അഗളി എസ്എച്ച്ഒ സിഐ അബല്‍ ഹക്കീമിനെതിരെയാണ് കേസ്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ ട്രെയിനില്‍ കടന്നുപിടിച്ചതിന് പിന്നാലെ നല്‍കിയ പരാതിയിലാണ് റെയില്‍വേ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച പാലരുവി എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം നടന്നത്. ട്രെയിനില്‍ പോകവെ ഹക്കീം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഹക്കീം കടന്നുപിടിച്ചതിന് പിന്നാലെ യുവതി ബഹളം വച്ചു. ഇതേ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ താന്‍ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു.
എന്നാല്‍ ഇതേ സമയം മറ്റു യാത്രക്കാര്‍ ഹക്കീമിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. യുവതി എറണാകുളം ജംഗ്ഷനില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ പകര്‍ത്തിയ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ അതിക്രമം നടത്തിയത് അബല്‍ ഹക്കീമാണെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.