തിരുവനന്തപുരം നെടുമങ്ങാട് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. വാണ്ട സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം.
ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരേയും അരുണ്‍ അക്രമിച്ചിരുന്നു. യുവാവിന്റെ ആക്രമണത്തിൽ ശരീരമാസകലം സൂര്യഗായത്രിയ്ക്ക് കുത്തേറ്റിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും നിലവിളി ഉയര്‍ന്നുകേട്ടത്. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.
തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. അയല്‍ക്കാരുടെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ അരുണിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.