മോട്ടോർ വാഹനവകുപ്പ് എഐ കാമറ സ്ഥാപിച്ചതു മുതൽ സംസ്ഥാനത്ത് വിവാദങ്ങൾക്ക് യാതൊരു കുറവുമില്ല. എഐ കാമറകൾ ഉപയോഗിച്ച് നിയമലംഘനം നടത്തുന്നവരെ തടയാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ എഐ കാമറ കാരണം ഒരു സാധാരണക്കാരനുണ്ടായ പൊല്ലാപ്പാണ് ചർച്ചാ വിഷയം.
എഐ കാമറയിൽ പെൺകുട്ടിയോടൊപ്പം സഞ്ചരിക്കുന്ന ചിത്രം പതിഞ്ഞതോടെയാണ് ഇടുക്കി സ്വദേശിയായ യുവാവ് പൊല്ലാപ്പിലായത്. .ഭാര്യയുടെ സ്കൂട്ടറിൽ മറ്റൊരു സ്ത്രീയുമായി പോയ യുവാവിന്റെ ചിത്രം ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്ക് വന്നോതോടെയാണ് വിഷയം കലഹത്തിലും അടിപിടിയിലും എത്തിച്ചേർന്നത്.ചിത്രം ഭാര്യയുടെ കയ്യിൽ എത്തിയതും തന്നെയും കുഞ്ഞിനെയും മർദിച്ചെന്നാരോപിച്ച് യുവതി പോലീസിൽ പരാതിപ്പെടുകയിരുന്നു. ഭാര്യയുടെ പരാതിയിൽ കരമന പോലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.യുവാവും പെൺകുട്ടിയും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന പിഴയും ചിത്രവും ഫോണിൽ സന്ദേശവുമായി ലഭിച്ച ഭാര്യ കൂടെയുള്ള പെൺകുട്ടി ആരാണെന്ന് ചോദിച്ച് യുവാവിനോട് വഴക്കുണ്ടാക്കുകയായിരുന്നു.
തുടർന്ന് തർക്കം കലഹത്തിൽ അവസാനിക്കുകയും ഭർത്താവിനെതിരെ യുവതി പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി. സംസ്ഥാനത്തെ റോഡുകളിൽ എഐ ക്യാമറയുടെ വരവ് പുതിയ വിവാദങ്ങൾ ഉണ്ടാക്കിയെങ്കിലും ഈ കുടുംബ കലഹം കുറച്ച് വെറൈറ്റി തന്നെയെന്ന് സാമൂഹ മാധ്യമങ്ങളിലും ചർച്ച കൊഴുക്കുകയാണ്.