പഴനിയിലും ശബരിമലയിലും ചെയ്യേണ്ട പൂജകൾ സ്ത്രീകൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് ഇപ്പോൾ ചെയ്യുന്നതെന്ന് നടൻ സലിം കുമാർ. സെക്രട്ടറിയേറ്റിന് മുന്നിലെ ആശസമരത്തെയും വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ പ്രതിഷേധത്തെയും പറ്റിയായിരുന്നു സലിം കുമാറിന്റെ പരാമർശം. കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു സലിം കുമാർ.
പിഎസ്‌സി പരീക്ഷയിൽ സിപിഒ റാങ്ക് ലിസ്റ്റിൽ വന്ന പെൺകുട്ടികൾ കൈയിൽ കർപ്പൂരം കത്തിക്കുകയാണ്. മുട്ടിലിഴയുന്നു. ആശ വർക്കേഴ്സ് തല മുണ്ഡനം ചെയ്യുന്നു. സാധാരണ പഴനിയിലും ശബരിമലയിലും അങ്ങനെയൊക്കെ ഭക്തി കണ്ടിട്ടുണ്ട്. ഈ വഴിപാടൊക്കെ ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നത് – സലിം കുമാർ പറഞ്ഞു.
അതേസമയം യുവതലമുറയെ പരിഹസിച്ചും സലിം കുമാർ സംസാരിച്ചു. പെൺകുട്ടികൾ മുഴുവൻ ഫോണിൽ സംസാരിച്ചാണ് നടക്കുന്നതെന്നും എന്താണ് ഇവർക്കൊക്കെ ഇത്രയും പറയാൻ ഉള്ളതെന്നും സലിം കുമാർ ചോദിച്ചു. കേരളത്തോട് അവര്‍ക്ക് പരമപുച്ഛമാണെന്നും അവരെ സംസ്‌കാരം പഠിപ്പിക്കണമെന്നും സലിം കുമാര്‍ പറഞ്ഞു. ഒരു വിഭാഗം യുവാക്കൾ വിദേശത്തേക്ക് പോകുന്നുവെന്നും ഒരു വിഭാഗം മയക്കുമരുന്നിന് അടിമകളാണെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.