സുപ്രീംകോടതി ഉത്തരവുണ്ടെന്ന് വ്യാജ പ്രചാരണം; ശബരിമലയിലെത്തുന്ന യുവതികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

ശബരിമലയിലേക്ക് സ്ത്രീകളെ എത്തിക്കാന്‍ കേരളത്തിന് പുറത്ത് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പത്തിന് മുകളിലും 50ന് താഴേയും പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ആചാരം. സുപ്രീംകോടതി ഇടപെട്ട് ഈ വിലക്ക് നീക്കിയെന്നും ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നുമാണ് ആന്ധ്രാപ്രദേശിലും മറ്റും പ്രചരിപ്പിച്ചിരിക്കുന്നത്.

ഈ വ്യാജപ്രചരണം വിശ്വസിച്ച് ദിനേന നിരവധി സ്ത്രീകളാണ് ശബരിമല സന്ദര്‍ശനത്തിനായി എത്തുന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ പാടുപെടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ദിവസം ഏറ്റവും കുറഞ്ഞത് 20 സ്ത്രീകളെങ്കിലും ശബരിമലയിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം. ദിവസങ്ങളോളം യാത്ര ചെയ്ത് എത്തിയിട്ടും സന്ദര്‍ശനം നടത്താതെ തിരികെ പോകേണ്ട അവസ്ഥയില്‍ പലരും നിരാശരായാണ് മടങ്ങുന്നത്.

10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ എത്തിയാല്‍ ഇവര്‍ക്കായി ദേവസ്വം ബോര്‍ഡ് പമ്പയില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. മണ്ഡലകാലം തുടങ്ങിയ ശേഷം ഇതുവരെ ആയിരത്തോളം സ്ത്രീകളെ ഇവിടെ നിര്‍ബന്ധിച്ച് ഇരുത്തേണ്ടി വന്നിട്ടുണ്ടെന്നാണ് വനിതാ പൊലീസുകാര്‍ നല്‍കുന്ന വിവരം. വനിതാ പൊലീസുകാരാണ് ഈ കേന്ദ്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

യുവതികള്‍ സന്നിധാനത്തേക്ക് പോകണമെന്ന് വാശിപിടിക്കുന്നതും കുതറിയോടുന്നതും പൊലീസുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുണ്ട്. പലരെയും ബലപ്രയോഗത്തിലൂടെ പിടിച്ചിരുത്തേണ്ട സ്ഥിതിവരെ ഉണ്ടായിട്ടുണ്ടെന്നും പൊലീസുകാര്‍ പറയുന്നു. മുന്‍കാലങ്ങളിലും സ്ത്രീകള്‍ വരാറുണ്ടെങ്കിലും ഇത്രയധികം സ്ത്രീകള്‍ എത്താറുണ്ടായിരുന്നില്ലന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്.

Read more

ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ദര്‍ശനത്തിനായി വരാന്‍ പാടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ക്ഷേത്രാചരങ്ങളെ തെറ്റിക്കരുതെന്നും അറിയിപ്പില്‍ പറയുന്നു.