സിപിഎം നേതാവ് എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്ത രമ്യ ഹരിദാസ്. പരാതി നല്‍കിയിട്ട് വനിതാ കമ്മീഷന്‍ തന്നെ വിളിച്ചില്ല. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലാണ് രമ്യാ ഹരിദാസ് നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് പരാതിയുമായി മുന്നോട്ടു പോകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നെ ഓടിയത് കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നുമായിരുന്നു വിജയരാഘവന്റെ വിമര്‍ശം. ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയുന്നില്ലെന്നുമാണ് വിജയരാഘവന്‍ പറഞ്ഞത്.
സംഭവത്തില്‍ രമ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പ്രസ്താവനയാണ് രമ്യയുടെ വിജയത്തിന് കാരണമായതെന്നാണ് സിപിഎം വിലയിരുത്തലെങ്കിലും ഇക്കാര്യത്തില്‍ മന്ത്രി എ കെ ബാലന്‍ മാത്രമാണ് പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത്.